ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വീണ്ടും തോല്‍വി. ബാറ്റിങ് മറന്ന സൺറൈസേഴ്സിന്, സ്വന്തം തട്ടകത്തിൽ വീണ്ടും തോൽവി. ഇത്തവണ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഏഴു വിക്കറ്റിനാണ് ഹൈദരാബാദിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 152 റൺസ്. മറുപടി ബാറ്റിങ്ങിൽ 20 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഗുജറാത്ത് ലക്ഷ്യത്തിലെത്തി.
അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന് അനായാസ ജയം സമ്മാനിച്ചത്. 43 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 61 റൺസുമായി ശുഭ്മൻ ഗിൽ പുറത്താകാതെ നിന്നു. ഗുജറാത്ത് ജഴ്സിയിൽ അരങ്ങേറ്റത്തിന് ഇറങ്ങിയ വാഷിങ്ടൻ സുന്ദറിന് അർധസെഞ്ചറി ഒറ്റ റൺ വ്യത്യാസത്തിൽ നഷ്ടമായി. 29 പന്തുകൾ നേരിട്ട സുന്ദർ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 49 റൺസെടുത്തു. ഷെർഫെയ്ൻ റുഥർഫോഡ് 16 പന്തിൽ ആറു ഫോറും ഒരു സിക്സും ഹിതം 35 റൺസുമായി പുറത്താകാതെ നിന്നു.