Pune: Jasprit Bumrah of Mumbai Indians bowls during the Indian Premier League 2022 cricket match between Mumbai Indians and the Punjab Kings, at the MCA International Stadium in Pune, Wednesday, April 13, 2022. (Sportzpics/PTI Photo) (PTI04_13_2022_000170B)
മുംബൈ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഗാലറികളെ ആവേശത്തിലാഴ്ത്താന്‍, തീക്കാറ്റ് പോലെ ബുംറ മടങ്ങിയെത്തുന്നു. സ്റ്റാര്‍ പേസര്‍ ടീമിനൊപ്പം ചേര്‍ന്ന വിവരം അഞ്ചുതവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ത്രസിപ്പിക്കുന്ന വിഡിയോയിലൂടെയാണ് പുറത്തുവിട്ടത്. 'റെഡി ടു റോര്‍' എന്ന കാപ്ഷനോടെയാണ് ടീം വാര്‍ത്ത പുറത്തുവിട്ടത്.
മുംബൈ ഇന്ത്യന്‍സ് പങ്കുവച്ച വിഡിയോ ഇങ്ങനെ.. ഒരു കഥ പറയാം, സിക്സറുകളും ഫോറുകളുമെന്നിങ്ങനെ റണ്‍സ് നിറഞ്ഞ കാട്ടിലേക്ക് 2013 ല്‍ ഒരു സിംഹക്കുട്ടി ഇറങ്ങി. എല്ലാവരും ഭയന്നിരുന്നപ്പോള്‍, അവന്‍ ധൈര്യത്തോടെ മുന്നോട്ടിറങ്ങി. അതിജീവിക്കാനും അഭിമാനം കാക്കാനുമായി നിരവധി യുദ്ധങ്ങള്‍ അവന്‍ പൊരുതി. ചിലത് ജയിച്ചു, ചിലപ്പോള്‍ പരാജയപ്പെട്ടു... പക്ഷേ ഒരിക്കലും പിന്‍മാറിയില്ല. യുദ്ധങ്ങളില്‍ അവന് മുറിവുകളേറ്റു, പക്ഷേ, അതിനൊന്നും ആ പ്രയാണത്തെ തടയാനായില്ല. അന്നത്തെ കുട്ടി ഇന്നൊരു ഒത്ത സിംഹമാണ്. കാട് ഭരിക്കാന്‍ അവന്‍ മടങ്ങിയെത്തിയിരിക്കുന്നു' എന്ന് അമ്മ കുഞ്ഞിനോട് കഥ പറയുംപോലെയാണ് വിഡിയോ.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടെ പരുക്കേറ്റ ബുംറ എന്ന് കളിക്കളത്തിലേക്ക് മടങ്ങിവരുമെന്ന ആശങ്കയിലും കാത്തിരിപ്പിലുമായിരുന്നു ആരാധകര്‍. വെള്ളിയാഴ്ച ലക്നൗവിനെതിരായ മല്‍സരത്തിന് മുന്‍പ് ബുംറ എത്രയും വേഗം ടീമിനൊപ്പം ചേരുമെന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് സൂചനകള്‍ നല്‍കിയിരുന്നു. ബിസിസിഐയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ ദീര്‍ഘകാലം ചെലവഴിച്ച് ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമാണ് താരമെത്തുന്നത്.
ഐപിഎല്ലിന്‍റെ ഈ സീസണില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മുംബൈയ്ക്ക് ബുംറയുടെ മടങ്ങിവരവ് വലിയ ആശ്വാസമാകും. ബോളിങ് മൂര്‍ച്ചയേറുമെന്നതിലുപരി നിര്‍ണായകഘട്ടങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് ഹാര്‍ദികിനും സഹായകമാകും. കടുത്ത സമ്മര്‍ദത്തിലും ശാന്തത കൈവിടാതെ കളിക്കാനുള്ള കഴിവും യോര്‍ക്കറുകളും കളിയുടെ ഗതിമാറ്റി മറിക്കുന്ന സ്പെല്ലുകളുമായി ബുംറ കളംനിറയുന്നതോടെ മുംബൈയ്ക്കും പുതുജീവന്‍ വയ്ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നാളെ വാങ്കഡെയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായാണ് മുംബൈയുടെ മല്‍സരം.