Rajasthan Royals' captain Sanju Samson removes the bails after his team won the Indian Premier League cricket match against Punjab Kings at Maharaja Yadavindra Singh Cricket Stadium in Mohali, India, Sunday, April 6, 2025. (AP Photo/Surjeet Yadav)
ഓര്‍ത്തുവയ്ക്കാന്‍ ഇഷ്ടമില്ലാത്ത ദിവസമായിരിക്കും രാജസ്ഥാന്‍ റോയന്‍സിന് കഴിഞ്ഞുപോയ രാത്രി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ പരാജയത്തിന് പിന്നാലെ ബിസിസിഐയുടെ വക ഇരട്ടി പ്രഹരം. ഐപിഎല്‍ നിയമ ലംഘനം ആവര്‍ത്തിച്ചുണ്ടായതോടെയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരെ ബിസിസിഐ വടിയെടുത്തത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മല്‍സരത്തില്‍ ഓവറുകള്‍ വൈകിച്ചതോടെയാണ് ആദ്യം പിഴ ലഭിച്ചത്. പരാഗായിരുന്നു പകരം ക്യാപ്റ്റനെങ്കിലും 12 ലക്ഷം രൂപ സഞ്ജുവിന് അന്ന് നഷ്ടമായി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പിഴവ് ആവര്‍ത്തിച്ചതോടെ തുക സഞ്ജു 24 ലക്ഷം രൂപ പിഴയായി ഒടുക്കണമെന്നാണ് ബിസിസിഐയുടെ നിര്‍ദേശം. ടീമിലെ മറ്റുള്ളവര്‍ ആറുലക്ഷം രൂപവീതമോ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ ഒടുക്കേണ്ടി വരും.
അഹമ്മദാബാദില് ഇന്നലെ നടന്ന മല്‍സരത്തില്‍ സായ് സുദര്‍ശന്‍റെ അര്‍ധ സെഞ്ചറിയും പഴുതടച്ച ബോളിങുമാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്തിന് 58 റണ്‍സിന്‍റെ വിജയം സമ്മാനിച്ചത്. സായ്ക്കൊപ്പം ജോസ് ബട്ലറും ഷാറൂഖും രാഹുലും അടിച്ചുകളിച്ചതോടെ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ രാജസ്ഥാന്‍റെ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞതും ഗുജറാത്തിന് നേട്ടമായി. ജയ്പുരില്‍ ഞായറാഴ്ച റോയല്‍ ചലഞ്ചേഴ്സിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മല്‍സരം. ഗുജറാത്താവട്ടെ ഏക്ന സ്റ്റേഡിയത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെയും നേരിടും.