ഐപിഎല്ലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ഒരേ സമയക്രമത്തില്‍ വന്നതോടെ മികച്ച താരങ്ങളെ കിട്ടാനില്ലാത്ത അവസ്ഥയിലാണ് പിഎസ്എല്‍. ഇതിനിടെയാണ് കളിക്കാന്‍ തയ്യാറായി വന്ന താരത്തെ ഐപിഎല്‍ കൊണ്ടുപോയ പ്രതിസന്ധി. താരത്തിന്‍റെ നടപടി ലീഗിന് തന്നെ തിരിച്ചടിയായതോടെ കര്‍ശന നടപടിയിലേക്ക് കടന്നിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷിനെ ഒരു വര്‍ഷത്തേക്ക് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും വിലക്കാനാണ് പിസിബിയുടെ തീരുമാനം.
ഈ വര്‍ഷത്തെ ലേലത്തില്‍ പെഷവാര്‍ സാല്‍മിക്കായി തിരഞ്ഞെടുത്തിട്ടും പിന്മാറിയതിനെ തുടര്‍ന്നാണ് നടപടി. കിട്ടിയ അവസരത്തില്‍ മുംബൈ ഇന്ത്യന്‍സിലേക്കാണ് ബോഷ് ചാടിയത്. കരാർ ലംഘനം ആരോപിച്ച് പിസിബി താരത്തിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പിഎസ്‌എല്ലിൽ നിന്ന് പിന്മാറിയതിൽ ബോഷ് ലീഗിനോട് ഖേദം പ്രകടിപ്പിച്ചെന്നും 2026 ലെ 11-ാം പതിപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുമെന്നും പിസിബി അറിയിച്ചു.
പിഎസ്എല്ലിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ ഖേദിക്കുന്നു എന്നാണ് ബോഷ് പറഞ്ഞതായി പിസിബി പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. പാകിസ്ഥാൻ ജനതയോടും പെഷവാർ സാൽമിയുടെ ആരാധകരോടും ക്രിക്കറ്റ് സമൂഹത്തോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്നും പിസിബിയുടെ പ്രസ്താവനയിലുണ്ട്. നടപടി സ്വീകരിക്കുന്നതായും ഭാവിയിൽ പിഎസ്‌എല്ലിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ബോഷ് പറഞ്ഞു.
ഐപിഎല്ലില്‍ ആരും വാങ്ങാതിരുന്നതോടെയാണ് കോർബിൻ ബോഷ് പെഷവാർ സാൽമിയില്‍ കരാറിലെത്തിയത്. 50-60 ലക്ഷം രൂപ വരുന്ന ഡയമണ്ട് കാറ്റഗറിയിലാണ് താരത്തെ ടീമിലെടുത്തത്. മുംബൈ ഇന്ത്യന്‍സ് 75 ലക്ഷത്തിന് ലേലം കൊണ്ട ലിസാഡ് വില്യംസിന് പരിക്കേറ്റതോടെയാണ് ബോഷിനെ ഐപിഎല്ലിലേക്ക് വിളിക്കുന്നത്. എസ്എ20 ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഉടമസ്ഥരായുള്ള എംഐ കേപ് ടൗണ്‍ താരമാണ് ബോഷ്. ഈ ബന്ധമാണ് ബോഷിനെ മുംബൈയിലേക്ക് അടുപ്പിച്ചത്. മുംബൈ ടീമിലെത്തിയെങ്കിലും സീസണില്‍ ഇതുവരെ താരം കളിച്ചിട്ടില്ല.
ഏപ്രിൽ 11 നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്. നിലവിലെ ചാംപ്യന്‍ന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡും ലാഹോർ ഖലന്ദേഴ്‌സും തമ്മില്‍ റാവൽപിണ്ടിയിലാണ് ആദ്യ മല്‍സരം.