MS Dhoni returns to pavilion after his dismissal
ചെന്നൈ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നു ‘ഞങ്ങളുടെ ചെന്നൈക്ക് ഇതെന്തുപറ്റി? ഞങ്ങളുടെ ‘തല’യ്ക്ക് ഇതെന്തുപറ്റി?’. ഈ ചോദ്യങ്ങള്‍ക്ക് ആരാധകരേയും കുറ്റം പറയാന്‍ കഴിയില്ല. സീസണില്‍ അഞ്ചാം തോല്‍വിയും ഏറ്റുവാങ്ങി തലകുനിച്ചു നില്‍ക്കുമ്പോള്‍, അടുത്ത ഒരു ജയത്തിനായി എത്രനാള്‍ കാത്തിരിക്കണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തലമാറിയാല്‍ തലവരമാറുമെന്ന് കരുതിയവര്‍ക്ക് തലയ്ക്കേറ്റ അടിയായിരുന്നു അഞ്ചാം തോല്‍വി. ആറു മല്‍സരങ്ങളില്‍ അഞ്ച് തോല്‍വിയും ഒരു ജയവുമായി ചെന്നൈ പോയന്‍റ് പട്ടികയില്‍ നിലവില്‍ 9ാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് മാത്രമാണ് ചെന്നൈയ്ക്ക് പിന്നിലുള്ളത്.
Chennai Super Kings' captain Mahendra Singh Dhoni, left, and Kolkata Knight Riders' captain Ajinkya Rahane
പരുക്കേറ്റതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്വാദ് ഐപിഎല്ലിലെ ഈ സീസണില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് ടീമിന്‍റെ ക്യാപ്റ്റനായി സാക്ഷാല്‍ എം.എസ്. ധോണിയെത്തുന്നത്. ഇതോടെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഇനി ടീമിനെ ധോണി നയിക്കും. അഞ്ച് കിരീടങ്ങള്‍ ചെന്നൈക്ക് സമ്മാനിച്ച ധോണി മാജിക് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ ആരാധകര്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയുള്ള മല്‍സരം കാണാന്‍ ഇറങ്ങിയത്. എന്നാല്‍ ചൈന്നൈ കൂപ്പുകുത്തി വീണതാകട്ടെ കടുത്ത തോൽവിയിലേക്കും.
8 വിക്കറ്റിന്റെ അനായാസ ജയമാണ് ചെന്നൈക്കെതിരെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 103 റൺസ് എന്ന കുഞ്ഞൻ വിജയലക്ഷ്യവുമായി ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 59 പന്തുകൾ ശേഷിക്കേ ലക്ഷ്യം മറികടന്നു. 29 റണ്ണെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാകട്ടെ വെറും 10.1 ഓവറിൽ എട്ടുവിക്കറ്റ് ശേഷിക്കേ ജയം.
Kolkata Knight Riders cheerleaders perform during an Indian Premier League (IPL) 2025
സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ജയത്തോടെയായിരുന്നു ചെന്നൈയുടെ തുടക്കം. പക്ഷേ പിന്നീടുള്ള അഞ്ച് മല്‍സരങ്ങളിലും പരാജയം. ഐ.പി.എല്ലിൽ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ സി.എസ്.കെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോൽക്കുന്നത് ഐ.പി.എൽ ചരിത്രത്തിൽ ഇതാദ്യമായാണ്. പോയിന്‍റ് പട്ടികയില്‍ ഒന്‍പതാമതാണ് നിലവില്‍ ചെന്നൈ. ലീഗില്‍ ഇനി എട്ട് മല്‍സരങ്ങള്‍ കൂടി ചെന്നൈക്ക് ശേഷിക്കുന്നുണ്ട്. അതില്‍ മൂന്നെണ്ണം ഹോം ഗ്രൗണ്ടിലാണ്. ലീഗില്‍ അവസാന സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലെത്താന്‍ കുറഞ്ഞത് 14 പോയിന്‍റുകളെങ്കിലും ആവശ്യമാണ്. അതായത്, ഇനിയുള്ള ആറോ ഏഴോ മല്‍സരങ്ങളിലെങ്കിലും ചെന്നൈയ്ക്ക് ജയിച്ചേ തീരൂവെന്ന് ചുരുക്കം.
ചെന്നൈയുടെ യാത്ര താഴോട്ടാണെന്നാണ് മനോജ് തിവാരി ക്രിക്ക്ബസിൽ പറഞ്ഞത്. ‘കഴിഞ്ഞ മൂന്ന്- നാല് മത്സരങ്ങളിൽ നിന്ന് അത് വ്യക്തമാണ്. എനിക്ക് ചില കാര്യങ്ങൾ മനസിലായില്ല. ചെന്നൈയുടെ പർപ്പിൾ ക്യാപ്പ് ജേതാവ് നൂർ അഹമ്മദ് ആണ്. പക്ഷേ അദ്ദേഹം എപ്പോഴാണ് ബൗൾ ചെയ്യാൻ വന്നത്? എട്ടാം ഓവറിൽ. ആദ്യ പന്തിൽ തന്നെ അദ്ദേഹം സുനിൽ നരെയ്ന്‍റെ വിക്കറ്റ് വീഴ്ത്തി. സ്വാഭാവികമായും, എതിർ സ്പിന്നർമാർ മികച്ച പ്രകടനം പുറത്തിറക്കുമ്പോള്‍ എന്തുകൊണ്ട് പർപ്പിൾ ക്യാപ്പ് ജേതാവിനെ നേരത്തെ കൊണ്ടുവന്നുകൂടാ? സാധാരണയായി എംഎസ് ധോണി അത്തരമൊരു തെറ്റ് ചെയ്യാറില്ല. പക്ഷേ ഇത്തവണ എന്ത് സംഭവിച്ചു?’ അദ്ദേഹം പറഞ്ഞു.
Kolkata Knight Riders players celebrate the wicket of Chennai Super Kings' captain MS Dhoni
‘ഒരു തോൽവിക്ക് ശേഷം സ്വയം വിലയിരുത്തുന്നത് എപ്പോഴും നല്ലതാണ്. പക്ഷേ തുടര്‍ച്ചയായ ഈ തോല്‍വികള്‍, അതിനിടയില്‍ നടക്കുന്നകാര്യങ്ങള്‍ എനിക്ക് മനസ്സിലാകുന്നതിലും അപ്പുറമാണ്. ഇത്തവണ അശ്വിന്‍റെ ബോളിങില്‍ തന്നെ സുനിൽ നരെയ്‌ന് കാര്യങ്ങള്‍ എളുപ്പമായി. എം.എസ്. ധോണിയെപ്പോലുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരനും വിക്കറ്റ് കീപ്പറും ഉള്ളപ്പോൾ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നില്ലേ? അവരുടെ തലച്ചോറ് പ്രവർത്തിക്കുന്നത് നിർത്തിയോ?’ അദ്ദേഹം പറഞ്ഞു.
Sunil Narine celebrates the wicket of Chennai Super Kings' Deepak Hooda
ചെന്നൈ– കൊല്‍ക്കത്ത മല്‍സരത്തില്‍ സുനില്‍ നരെയ്ന്‍റെ ഓള്‍റൗണ്ട് പ്രകടനമാണ് കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായകമായത്. ചെന്നൈയെ 103/9 എന്ന നിലയില്‍ പിടിച്ചുകെട്ടുന്നതില്‍ അദ്ദേഹത്തിന്‍റെ ബൗളിങ് പ്രധാനമായിരുന്നു. നരെയ്ന്‍ മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. സ്പിന്നര്‍മാരുടെ ആക്രമണത്തില്‍ ചെന്നൈയുടെ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞു. ബോളിങില്‍ മാത്രമല്ല ക്വിന്റൺ ഡി കോക്കിനൊപ്പം ബാറ്റിങിലും നരെയ്ന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 19 പന്തിൽ നിന്ന് രണ്ട് ബൗണ്ടറികളും അഞ്ച് കൂറ്റൻ സിക്സറുകളും ഉൾപ്പെടെ 44 റൺസ് നരെയ്ന്‍ നേടി. പിന്നീട് നൂർ അഹമ്മദാണ് തന്‍റെ ആദ്യ പന്തിൽ നരെയ്‌നെ പുറത്താക്കിയത്.