Royal Challengers Bengaluru's Virat Kohli and Rajasthan Royals' captain Sanju Samson chat during the Indian Premier League cricket match between Rajasthan Royals and Royal Challengers Bengaluru at Sawai Mansingh Stadium in Jaipur, India, Sunday, April 13, 2025. (AP Photo/Surjeet Yadav)
രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിനിടെ ആര്‍സിബിയുടെ സൂപ്പര്‍താരം വിരാട് കോലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ താരം ഡബിള്‍ ഓടിയെടുത്തിരുന്നു. തിരികെ എത്തിയതോടെ അസ്വസ്ഥത അനുഭവപ്പെട്ട കോലി വിക്കറ്റ് കീപ്പറായ സഞ്ജുവിനോട് തന്‍റെ ഹൃദയമിടിപ്പ് ഒന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് തന്നെ കയ്യിലെ ഗ്ലൗസ് സഞ്ജു അഴിച്ചുമാറ്റുകയും കോലിയുടെ ഹൃദയത്തോട് കൈത്തലം ചേര്‍ത്ത് വയ്ക്കുന്നതും വിഡിയോയില്‍ ദൃശ്യമാണ്.
ഈ ദൃശ്യങ്ങള്‍ കടുത്ത ആശങ്കയാണ് ആരാധകരില്‍ ഉയര്‍ത്തിയത്. പിന്നാലെ കൈ ഉയര്‍ത്തി കുഴപ്പമൊന്നുമില്ലെന്ന് കോലി കാണിക്കുന്നതും വിഡിയോയില്‍ കാണാം. പുറത്താകാതെ കോലി നേടിയ അര്‍ധ സെഞ്ചറിയാണ് ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണായകമായത്. തുടക്കത്തില്‍ 33 പന്തില്‍ ഫില്‍ സോള്‍ട്ട് അടിച്ചുകൂട്ടിയ 65 റണ്‍സും രാജസ്ഥാന്‍ ബോളര്‍മാരെ നിഷ്പ്രഭരാക്കി. ഒന്‍പത് വിക്കറ്റിന്‍റെ അനായാസ ജയമാണ് കോലിയും കൂട്ടരും സ്വന്തമാക്കിയത്.
സീസണിലെ മൂന്നാം അര്‍ധ സെഞ്ചറിയാണ് കോലി ജയ്പുരില്‍ നേടിയത്. ഐപിഎല്ലില്‍ 66–ാം അര്‍ധ സെഞ്ചറി തികച്ച കോലി ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡിനൊപ്പവുമെത്തി. ട്വന്‍റി 20 ഫോര്‍മാറ്റില്‍ 108 അര്‍ധ സെഞ്ചറികളുമായി വാര്‍ണര്‍ തന്നെയാണ് മുന്‍പില്‍ കോലിക്ക് 100 അര്‍ധ സെഞ്ചറികളും മൂന്നാമനായ ബാബര്‍ അസമിന് 90 അര്‍ധസെഞ്ചറികളുമാണുള്ളത്. 40 റണ്‍സുമായി ദേവ്ദത്ത് പടിക്കലും അടിച്ച് കളിച്ചതോടെ ജയം ആര്‍സിബിക്കൊപ്പം നിന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. യശസ്വി 47 പന്തില്‍ 75 റണ്‍സ് അടിച്ച് കൂട്ടിയെങ്കിലും ക്യാപ്റ്റന്‍ സഞ്ജുവിന് തിളങ്ങാനായില്ല. 19 പന്തില്‍ 15 റണ്‍സെടുത്ത് സഞ്ജു മടങ്ങി. പിന്നാലെയെത്തിയ റിയാന്‍ പരാഗ് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബെംഗളൂരു വരിഞ്ഞു മുറുക്കി. മറുപടി ബാറ്റിങിനിറങ്ങിയ ആര്‍സിബി 15 പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഫില്‍ സോള്‍ട്ടാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.