വയനാട് എന്നെഴുതിയ കൂറ്റന്‍ ടിഫോ ഗ്യാലറിയില്‍ വിരിഞ്ഞു. മുണ്ടക്കൈയിലേയും ചുരല്‍മലയിലേയും കുട്ടികളുടെ കൈപിടിച്ച് കളിക്കാര്‍ ഗ്രൗണ്ടിലേക്ക്. എന്നാല്‍ തിരുവോണവും സീസണിലെ സ്വന്തം മൈതാനത്തെ ആദ്യ മത്സരവുമാണെന്നുമെല്ലാം മറന്ന് പ്രതിരോധിച്ച് കളിക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് ശ്രദ്ധയൂന്നിയപ്പോള്‍ ആരാധകരാകെ നിരാശയിലേക്ക് വീണു. ഈ സമയമാണ് മഞ്ഞപ്പടയെ പ്രകോപിപ്പിച്ച് ലൂക്ക മയ് സെന്നിന്റെ ഗോള്‍ സെലിബ്രേഷന്‍ എത്തിയത്. ആ സെലിബ്രേഷന് മറുപടി എന്നോണം കിട്ടിയ അവസരത്തില്‍ കെ.പി. രാഹുല്‍ ലൂക്കയെ ഉയര്‍ന്ന് ചാടി ഇടിച്ചിട്ടു...പക്ഷെ അതുകൊണ്ടൊന്നും ആരാധകരെ തൃപ്തിപ്പെടുത്താന്‍ രാഹുലിനും ബ്ലാസ്റ്റേഴ്സിനും കഴിഞ്ഞില്ല.
85ാം മിനിറ്റില്‍ പഞ്ചാബ് താരം ലിയോണ്‍ അഗസ്റ്റിനെ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം മുഹമ്മദ് സഹീഫ് ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ലുക്ക മയ് സെന്‍ അത് ഗോളാക്കി. പിന്നാലെ കോര്‍ണര്‍ പോളിലെ മഞ്ഞ പതാക തന്റെ ജഴ്സിയൂരി മൂടിയായിരുന്നു ലൂക്കയുടെ ഗോള്‍ ആഘോഷം. ബ്ലാസ്റ്റേഴ്സും ആരാധകരും ഇത് മനസില്‍ കുറിച്ചിട്ടിട്ടുണ്ടാകുമെന്ന് ഉറപ്പ്.
രാഹുലിന്റെ ഫൗള്‍ ആണ് പഞ്ചാബ് ഡഗൗട്ടിനെ ഒന്നാകെ പ്രകോപിപ്പിച്ചത്. ഹൈബോള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ലൂക്കയെ രാഹുല്‍ ഉയര്‍ന്ന് ചാടി ഇടിച്ചിട്ടു. ഇവിടെ പന്ത് കൈക്കലാക്കാനുള്ള ശ്രമത്തില്‍ ലൂക്കയ്ക്കായിരുന്നു മുന്‍തൂക്കം. രാഹുല്‍ ലൂക്കയെ ഇടിച്ചിട്ടതിന് പിന്നാലെ പഞ്ചാബ് ഡഗൗട്ടില്‍ നിന്ന് താരങ്ങള്‍ രാഹുലിനെ ലക്ഷ്യമാക്കി പാഞ്ഞെത്തി. ഒടുവില്‍ പഞ്ചാബ് കോച്ചും റഫറിയും ഇടപെട്ട് രംഗം ശാന്തമാക്കി.
മഞ്ഞ പതാക മൂടി തങ്ങളെ പ്രകോപിപ്പിച്ച ലൂക്കയ്ക്ക് അതിന്റെ മറുപടി മൈതാനത്ത് വെച്ച് കൈക്കരുത്ത് കൊണ്ട് രാഹുല്‍ തീര്‍ത്തെങ്കിലും രാഹുലിന്റെ കളിയില്‍ ആരാധകര്‍ തീരെ തൃപ്തരല്ല. ഇത് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വ്യക്തമാക്കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ മുന്‍പോട്ട് പോകുംതോറും രാഹുലിന്റെ പ്രകടനത്തില്‍ ഒരു പുരോഗതിയും ഉണ്ടാകുന്നില്ലെന്നാണ് ആരാധകരുടെ പരാതി. പാസിങ്ങിലും പന്ത് കണ്‍ട്രോള്‍ ചെയ്യുന്നതിലും ക്ലിയറന്‍സിലും എല്ലാം രാഹുല്‍ നിരാശപ്പെടുത്തുന്നു എന്നാണ് വിമര്‍ശനങ്ങള്‍.
നിര്‍ണായക സമയങ്ങളില്‍ എതിര്‍ ടീമിന് അനായാസം പാസ് നല്‍കി രാഹുല്‍ അവസരങ്ങള്‍ തുലയ്ക്കുന്നതായും ആരാധകര്‍ ആരോപിക്കുന്നു. രാഹുലിന് പകരം ഇഷാന്‍ പണ്ഡിതയെ ഇറക്കണം എന്നാണ് ആരാധകരില്‍ ഒരു വിഭാഗത്തിന്റെ വാദം.