കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മികായേല്‍ സ്റ്റാറെയെ പുറത്താക്കി. സഹ പരിശീലകരായ ബിയോണ്‍ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര എന്നിവരെയും പുറത്താക്കി. ഐഎസ്എലിലെ തുടര്‍തോല്‍വികളുടെ പശ്ചാത്തലത്തിലാണ് നടപടി. യൂത്ത് ടീം പരിശീലകന്‍ തോമക് തൂഷ്, ടി.ജി.പുരുഷോത്തമന്‍ എന്നിവര്‍ക്ക് ചുമതല നല്‍കി. ഈ സീസണില്‍ ഇതുവരെ കളിച്ച 12 കളികളില്‍ ഏഴിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. മൂന്നുവിജയവും രണ്ട് സമനിലയുമടക്കം 11 പോയിന്‍റുകളാണ് അക്കൗണ്ടിലുള്ളത്. പതിമൂന്ന് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്‍റില്‍ 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
2026 വരെയായിരുന്നു മികായേല്‍ സ്റ്റാറെയുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടിരുന്നത്. തായ് ലീഗിലെ ഉതയ് താനി ക്ലബ്ബിന്‍റെ പരിശീലകനായിരുന്നു. സ്വീഡൻ, ചൈന, നോർവെ, അമേരിക്ക എന്നിവിടങ്ങളിലെ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്വീഡിഷ് ക്ലബ്ബായ വാസ്ബി യുണൈറ്റഡിലൂടെയാണ് സ്റ്റാറേ പരിശീലക കുപ്പായം അണിയുന്നത്. ഐഎസ്എല്ലിലെ ആദ്യ സ്വീഡിഷ് പരിശീലകൻ എന്ന പ്രത്യേകതയും സ്റ്റാറേയ്ക്കുണ്ട്. തായ് ലീഗിലെ ഉതൈ താനിയെയാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നതിന് മുന്‍പ് സ്റ്റാറെ ഒടുവില്‍ പരിശീലിപ്പിച്ചത്.