അലാദീൻ അജാരെ എന്ന മൊറോക്കൻ സ്കോറിങ് മെഷീൻ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധമതിൽ തുളയ്ക്കുമോ? അതോ, ഹെസൂസ് ഹിമെനെ – നോവ സദൂയി ഡബിൾ എൻജിൻ ആക്രമണത്തിൽ നോർത്ത് ഈസ്റ്റ് വീഴുമോ. ഇന്നു രാത്രി 7.30 നു കലൂർ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടം ത്രസിപ്പിക്കുന്ന കാഴ്ചയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഐഎസ്എൽ ഈ സീസണിൽ 15 ഗോളുകളും 5 അസിസ്റ്റുകളുമായി തിളങ്ങുന്ന നോർത്ത് ഈസ്റ്റ് താരം അലാദീൻ അജാരെയെ നിശബ്ദ’നാക്കിയാൽ ബ്ലാസ്റ്റേഴ്സ് കളി പാതി ജയിക്കും.
ഇരു ടീമുകളും കഴിഞ്ഞ സെപ്റ്റംബർ 29 നു ഗുവാഹത്തിയിൽ ഏറ്റുമുട്ടിയപ്പോൾ 1 – 1 സമനിലയായിരുന്നു ഫലം. മികായേൽ സ്റ്റാറെ കളമൊഴിഞ്ഞ ശേഷം മികച്ച ഫോമിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കടലാസിലെങ്കിലും സാഹചര്യങ്ങൾ അനുകൂലം. കഴിഞ്ഞ 4 ൽ 3കളികളിലും ജയം. കൊച്ചിയിൽ ഒഡീഷ എഫ്സിയെ വീഴ്ത്തിയത്, ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു. ടീമിന്റെ ഒത്തൊരുമയിലാണ് ഇടക്കാല കോച്ച് ടി.ജി.പുരുഷോത്തമന്റെ വിശ്വാസം.
നോർത്ത് ഈസ്റ്റിനോടു സ്വന്തം മണ്ണിൽ ഇതുവരെ തോറ്റിട്ടില്ലെന്നതും ബ്ലാസ്റ്റേഴ്സിന് ആശ്വാസ ചരിത്രം.ഒഡീഷയ്ക്കെതിരെ പ്രതിരോധം ഒന്നു പാളിയെങ്കിലും കളി കൈവിട്ടു പോകാതിരിക്കാൻ ടീം ആഞ്ഞു കളിച്ചു.
10 ഗോളുമായി ടീമിന്റെ ടോപ് സ്കോററായ ഹിമെനെയും കളം നിറയുന്ന നോവ സദൂയിയുമാണു കരുത്ത്. പുതുതായി ടീമിലെത്തിച്ച മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോർ ഇന്നലെ പരിശീലനത്തിനിറങ്ങി.അദ്ദേഹം കളിക്കാനും സാധ്യതയുണ്ട്.
നോർത്ത് ഈസ്റ്റ് പട്ടികയിൽ അഞ്ചാമതാണ്. ബ്ലാസ്റ്റേഴ്സ് ഒൻപതാമതും. ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്. ബ്ലാസ്റ്റേഴ്സ് മനേജ്മെൻ്റുമായുള്ള ചർച്ചയിൽ ഏറെക്കുറെ സമവായത്തിലെത്തിയതിനാൽ ഇന്ന് പ്രതിഷേധത്തിന് സാധ്യതയില്ല.