കേരള ബ്ലാസ്റ്റേഴ്സില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം സീസണ്‍ അവസാനിച്ച ശേഷമെന്ന് അഡ്രിയന്‍ ലൂണ. ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനുണ്ടെന്നും ലൂണ പ്രതികരിച്ചു. ക്ലബ്ബുമായി 2027 വരെ കരാര്‍ ബാക്കിയുണ്ടെങ്കിലും ക്ലബ്ബില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം സീസണിന് ശേഷം തീരുമാനിക്കും. മുംബൈ സിറ്റി എഫ്‌സിയുമായുളള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ലൂണ.

അതേസമയം, ഐഎസ്എല്‍ സീസണിൽ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ മുംബൈ എഫ് സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയം. ക്വമി പെപ്രയുടെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ പരാജയപ്പെടുത്തിയത്. ജംഷഡ്പുർ എഫ്‍സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയതോടെ പ്ലേഓഫ് കാണാതെ പുറത്താകുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം ജയമാണിത്. 28 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച തിരിച്ചു വരവാണ് മഞ്ഞപ്പട പ്രതീക്ഷിക്കുന്നത്.

പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. സീസണിൽ ഇതുകൂടാതെ ബ്ലാസ്റ്റേഴ്സിന് ഒരു എവേ മത്സരം കൂടി ബാക്കിയുണ്ട്. ഹൈദരാബാദിൽ 12നു ഹൈദരാബാദ് എഫ്സിക്കെതിരെയാണ് മല്‍സരം. അതേസമയം, ബ്ലാസ്റ്റേഴ്സിനോട് തോല്‍വി വഴങ്ങിയതോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈക്ക് ഇനി അവസാന മത്സരംവരെ കാത്തിരിക്കേണ്ടിവരും. അവസാന മത്സരത്തില്‍ ഒരു പോയന്റ് നേടിയാല്‍ മുംബൈ പ്ലേ ഓഫിലെത്തും. 23 മത്സരങ്ങളില്‍ നിന്ന് 33 പോയന്റുമായി നിലവില്‍ ഏഴാം സ്ഥാനത്താണ് മുംബൈ.

ENGLISH SUMMARY: