Image Credit: facebook.com/IndianSuperLeague
ഐഎസ്എൽ സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം. എതിരില്ലാത്ത ഒരുഗോളിനാണ് മുംബൈ സിറ്റിയെ ബ്ലാസ്റ്റേഴ്സ് മുട്ടുകുത്തിച്ചത്. 52-ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ജംഷഡ്പുർ എഫ്‍സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയതോടെ പ്ലേഓഫ് കാണാതെ പുറത്താകുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം ജയമാണിത്. 28 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം.
പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതോടെ ശേഷിക്കുന്ന മത്സരങ്ങളിൽ വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. സീസണിൽ ഇതുകൂടാതെ ബ്ലാസ്റ്റേഴ്സിന് ഒരു എവേ മത്സരം കൂടി ബാക്കിയുണ്ട്. ഹൈദരാബാദിൽ 12നു ഹൈദരാബാദ് എഫ്സിക്കെതിരെയാണ് മല്‍സരം. അതേസമയം, ബ്ലാസ്റ്റേഴ്സിനോട് തോല്‍വി വഴങ്ങിയതോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈക്ക് ഇനി അവസാന മത്സരംവരെ കാത്തിരിക്കേണ്ടിവരും. അവസാന മത്സരത്തില്‍ ഒരു പോയന്റ് നേടിയാല്‍ മുംബൈ പ്ലേ ഓഫിലെത്തും. 23 മത്സരങ്ങളില്‍ നിന്ന് 33 പോയന്റുമായി നിലവില്‍ ഏഴാം സ്ഥാനത്താണ് മുംബൈ.