കീവിലെപ്പോരാട്ടം രണ്ടുടീമുകളുടെ കിരീടപ്പോരാട്ടം മാത്രമല്ല, രണ്ടു താര രാജക്കന്മാരുടേതു കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മുഹമ്മദ് സലായുടെയും. ഈ സീസണിലെ ഗോള്‍ രാജാവിന്റെ പട്ടവും ഇവരെ കാത്തിരിക്കുന്നു. രണ്ടുഗോള്‍ കൂടി നേടാനായാല്‍ ഇരുവര്‍ക്കും മെസിയെ മറികടന്ന് ആ പട്ടത്തിലെത്താം. സീസണില്‍ 45 ഗോളോടെ മെസില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 44ഗോള്‍ വീതം നേടി റൊണാള്‍ഡോയും സലായും തൊട്ടുപിന്നിലുണ്ട്. ചാംപ്യന്‍സ് ലീഗ് കിരീടം എന്നതിനപ്പുറം ബാലണ്‍ ഡി ഓര്‍ പുരസ്കാരം ആരു നേടുമെന്നതും ഈ ഫൈനലിലെ പ്രകടനത്തെ ആശ്രയിച്ചാവും.
അഞ്ചു തവണ നേടിയ ബാലണ്‍ ഡി ഓര്‍ ആറാം തവണ നേടാന്‍ റൊണാള്‍ഡോ നില്‍ക്കുമ്പോള്‍ റൊണാള്‍ഡോയെയും മെസിയെയും മറികടന്ന് ബാലണ്‍ ഡി ഓറിലെത്താനാണ് മുഹമ്മദ് സലായുടെ ശ്രമം. ഈ സീസണില്‍ 51കളികളില്‍ നിന്നാണ് സലാ 44 ഗോളിലെത്തിയത്. റൊണാള്‍ഡോ ആവട്ടെ 43 കളികളില്‍ നിന്ന് 44ഗോളിലെത്തി. സലാ ഇടംകാലില്‍ തീര്‍ക്കുന്ന ഗോളടി മികവ് റൊണാള്‍ഡോയ്ക്ക് അവകാശപ്പെടാനില്ല. അതുപോലെ റൊണാള്‍ഡോ വലംകാലില്‍ തീര്‍ക്കുന്ന ഗോളാവേശം സലാക്കുമില്ല.
പോര്‍ച്ചുഗലിന്റെ താരത്തിന്റെ 27ഗോളുകള്‍ വലംകാല്‍ അടിയിലാണ് വീണത്. ഈജിപ്തിന്റെ പുത്രന്‍ 36ഗോളുകളാണ് ഇടതുകാലുകൊണ്ട് എതിരാളിയുടെ വലയിലിട്ടത്. റൊണാള്‍ഡോയുടെ 44ഗോളില്‍ 10എണ്ണം മാത്രമാണ് ഇടംകാലില്‍ വീണത്. സലായുടെ വലംകാല്‍ ആറു തവണ ഗോളിലേക്ക് ചലിച്ചു. പെനല്‍റ്റി ഗോളാക്കുന്നതില്‍ റൊണാള്‍ഡോ മികവ് തുടരുന്നു. ഏഴെണ്ണമാണ് റൊണാള്‍ഡോ പെനല്‍റ്റിയിലൂടെ നേടിയത്. എന്നാല്‍ സലാക്ക് റൊണാള്‍ഡോയുടെ അത്രമികവ് പെനല്‍റ്റി അടിക്കുന്നതിലില്ല. പക്ഷെ ഗോളിലേക്കുള്ള വഴിയൊരുക്കുന്നതില്‍ സലായാണ് മിടുക്കന്‍, ഇക്കാര്യത്തില്‍ റൊണോ പിറകിലാണ്. സലായുടെ 14 അസിസ്റ്റിന് എട്ട് അസിസ്റ്റാണ് റൊണാള്‍ഡോയുടെ മറുപടി. ആക്രമണമാണ് റൊണാള്‍ഡോയുടെ റയല്‍ മഡ്രിഡിന്റെ ശൈലി.
എതിരാളിയെ അടിച്ചുവീഴ്ത്തിയിടുന്നത് ലിവര്‍പൂളിന്റെ ശീലം. റൊണാള്‍ഡോ ആദ്യ ഗോള്‍ നേടുമ്പോള്‍ റയല്‍ ജയിച്ചുകയറുന്നതാണ് കാണുന്നത്, അതുപോലെ സലാ ആദ്യ ഗോള്‍ നേടുമ്പോള്‍ ലിവര്‍പൂളും ജയിച്ചുകയറുന്നു. ഈ സീസണിലെ പ്രകടനത്തോടെ സലാ, മുന്നോട്ടു വയ്ക്കുന്നത് റൊണാള്‍ഡോയുടെയും മെസിയുടെയും പിന്‍ഗാമി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്. ഇന്ന് ജയിച്ചാല്‍ സലാക്ക് ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം ആയിരിക്കും, റൊണാള്‍ഡോയ്ക്കാവട്ടെ അഞ്ചാം ചാംപ്യന്‍സ് ലീഗ് കിരീടവും റെക്കോര്‍ഡും. നാലു കിരീടം നേടിയിട്ടുള്ള റൊണാള്‍ഡോയ്ക്ക് ഇന്ന് കപ്പടിച്ചാല്‍ അഞ്ചു കീരിടങ്ങള്‍ നേടുന്ന ആദ്യ താരമാകാം.
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച ഔട്ട് ഫീല്‍ഡ് പ്ലയര്‍ റൊണാള്‍ഡോയാണ്. ബാര്‍സിലോനയുടെ സാവിയുടെ 151 മല്‍സരങ്ങളാണ് റൊണാള്‍ഡോ മാറ്റിയെഴുതിയത്. ആറാം തവണയാണ് റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലെത്തുന്നത്. എ.സി.മിലാന്റെ മുന്‍ താരം പൗളോ മള്‍ഡീനിയുടെ ആറുഫൈനല്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് ഈ നേട്ടം.