ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെ ഏറ്റവുമധികം സാധ്യതകല്‍പ്പിക്കപ്പെട്ട ടീമാണ് ഫ്രാന്‍സ്. ചാംപ്യന്‍മാര്‍ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനും ഫ്രഞ്ച് പടയ്ക്കായി. യുവതാരങ്ങളുടെ സാന്നിദ്ധ്യമാണ് ഫ്രാന്‍സിനെ ഫേവറേറ്റുകളാക്കിയത്. 

 

യുവതാരങ്ങളുടെ നീണ്ടനിരയുണ്ട് ഫ്രഞ്ച് ക്യാംപില്‍. ഗ്രീസ്മാന്‍, എംബപ്പെ, പോഗ്ബ, ജിറൂഡ് തുടങ്ങി ലോകോത്തര താരങ്ങളുടെ സംഗമം. ഒട്ടും പ്രതീക്ഷിക്കാതെ യൂറോകപ്പിന്റെ റണ്ണേഴ്സ് അപ്പായതും ഫ്രാന്‍സ് ടീമിനെ ഫേവറേറ്റുകളാക്കി. 

 

ഗ്രൂപ്പ് ഘട്ടത്തില്‍ പേരിനൊത്ത പ്രകടനം ഫ്രഞ്ച് നിര കാഴ്ചവച്ചിരുന്നില്ല. ഓസ്ട്രേലിയയ്ക്കെതിരെ അസീസ് ബെഹിച്ചിന്റെ ദാനഗോളിലും പെറുവിനെതിരെ എംബപ്പെയുടെ ഒറ്റഗോളിലും കടന്നുകൂടിയപ്പോള്‍ ഡെന്‍മാര്‍ക്കിനെതിരെ വലചലിപ്പിക്കാന്‍ പോലുമായില്ല. എന്നാല്‍ അര്‍ജന്റീനയ്ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ യുവനിര വിശ്വരൂപം പുറത്തെടുത്തു.

 

പിന്നീട് ഓരോ കളിയിലും ദെഷാംസിന്റെ കുട്ടികള്‍ മെച്ചപ്പെട്ടു. ഒരു പെനല്‍റ്റി ഷൂട്ടിനും കാത്തുനില്‍ക്കാതെയാണ് ഫ്രഞ്ച് പട ഫൈനലിലേക്ക് മാര്‍ച്ചു ചെയ്തത്. ക്വാര്‍ട്ടറില്‍ യുറഗ്വായേയും സെമിയില്‍ ബെല്‍ജിയത്തേയും ആധികാരികമായിത്തന്നെ തോല്‍പ്പിച്ചു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലിലെത്തിയ ടീം ഫേവറേറ്റുകള്‍ തന്നെയെന്ന് തെളിയിച്ചു. 

 

താരങ്ങളേക്കാളുപരി ദെഷാമെന്ന കോച്ചിന്റെ സാന്നിദ്ധ്യമാണ് വാതുവയ്പ്പുകാരുടെയടക്കം പ്രിയടീമായി നീലക്കുപ്പായക്കാരെ മാറ്റിയത്. വ്യക്തമായ തന്ത്രത്തോടെയാണ് സെമിയില്‍ ബെല്‍ജിയത്തെപ്പോലൊരു ടീമിനെ ദെഷാം നേരിട്ടത്. ഒരു ഗോള്‍ നേടിയ ശേഷം പ്രതിരോധത്തിലേക്ക് വലി‍ഞ്ഞ തന്ത്രമാണ് ബെല്‍ജിയം മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്താതെ കാത്തത്. 1998–ല്‍ നായകന്റെ വേഷത്തില്‍ ലോകകിരീടം പാരീസിലെത്തിച്ച ദെഷാം ഇക്കുറി പരിശീലകക്കുപ്പായത്തില്‍ അതാവര്‍ത്തിക്കുമെന്നാണ് ഫുട്ബോള്‍ നിരീക്ഷകരുടെ കണക്കുക്കൂട്ടല്‍.