വൻ മതിൽ ഉയർത്തി ഇന്ത്യയെ കാത്തിരുന്ന രാഹുൽ ദ്രാവിഡെന്ന ഇതിഹാസ താരത്തിന്റെ സ്ഥാനമായിരുന്നു 'നവമതിൽ' എന്ന പേരിട്ട  ചേതേശ്വര്‍ പൂജാരയ്ക്ക് ആരാധകർ നൽകിയിരുന്നത്.ടെസ്റ്റ് പരമ്പരയിൽ നവമതിൽ കെട്ടിയാണ് പൂജാര താരമായത്.കണ്ണുചിമ്മരുത്, രാഹുൽ പുറത്താകും; എട്ടു മണിക്കൂർ ഉറങ്ങുക, പൂജാര ക്രീസിൽ കാണും’–  ഇന്ത്യ–ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ കളി പൂർത്തിയാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാചകമാണിത്. ഓസ്ട്രേലിയൻ പര്യടനത്തിൽ  ചേതേശ്വർ പൂജാര മിന്നിത്തിളങ്ങുകയും ചെയ്തു. സർദാർ വല്ലഭായ് പട്ടേലിനായി ഗുജറാത്തിൽ പണിത സ്റ്റാച്ച്യൂ ഓഫ് ലിബേർട്ടി പോലെ  പൂജാരയ്ക്കായി ഒരു ‘സ്റ്റാച്ച്യൂ ഓഫ് പേഷ്യൻസ് (ക്ഷമയുടെ പ്രതിമ) പണിയണം.’!എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ മറ്റൊരു വാഴ്ത്തൽ.

എന്നാൽ ഇരുട്ടി വെളുത്തപ്പോൾ പൂജാര ചതിയനായി മാറിയിരിക്കുന്നു. ആരാധിച്ചവരും വാഴ്ത്തിയവരും കൂക്കിവിളിച്ചാണ് താരത്തെ വരവേറ്റത്.കർണാടകയും സൗരാഷ്ട്രയും തമ്മിലുളള രഞ്ജി ട്രോഫി സെമി ഫൈനലിൽ ഓട്ടായിട്ടും പുറത്താകാതെ നിന്നതാണ് കളിപ്രേമികളെ ചൊടിപ്പിച്ചത്. 

സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്ങ്സിൽ അഭിമന്യു മിഥുവിന്റെ പന്ത് പൂജാരയുടെ ഗ്ലൗസിൽ തട്ടി വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിയെന്നത് വ്യക്തമായിരുന്നു. പന്ത് ഗൗസിൽ തട്ടിയതിന്റെ ശബ്ദം ഉണ്ടായെങ്കിലും പൂജാര കണ്ടതായി നടിച്ചില്ല. അമ്പയർ ഔട്ട് അനുവദിച്ചില്ലെങ്കിലും റിപ്ലേയിൽ പൂജാര ഔട്ട് ആണെന്ന് വ്യക്തമാകുകയും െചയ്തിരുന്നു. പന്ത് കയ്യിലാണ് തട്ടിയതെന്നായിരുന്നു അമ്പയറുടെ വാദം.

കർണാടക താരങ്ങൾ അപ്പീൽ ചെയ്തുവെങ്കിലും ഔട്ട് നൽകിയില്ല, പൂജാര സ്വയം പുറത്തു പോകുകയും ചെയ്തില്ല. ഒരു റൺ മാത്രമേ അക്കൗണ്ടിൽ ഉണ്ടായിരുന്നുളളു. പിന്നീട് 99 പന്തിൽ 45 റൺസടിച്ച് പൂജാര പുറത്തായി. അഭിമന്യുവിന്റെ പന്തിൽ അഭിമന്യു തന്നെയാണ് ക്യാച്ചെടുത്ത് പൂജാരയെ മടക്കിയതും. 

താരത്തിന്റെ അന്തസില്ലാത്ത പെരുമാറ്റം രണ്ടാം ഇന്നിങ്ങ്സിലും ആവർത്തിച്ചു. ഇത്തവണ ആർ. വിനയ്കുമാർ ആയിരുന്നു ബൗളർ. പൂജാരയുടെ ബാറ്റിൽ ഉരസിയ പന്ത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തി. വിനയ്കുമാറും മറ്റു കളിക്കാരും വിക്കറ്റ് ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ ‍അമ്പയർ ഔട്ട് അനുവദിച്ചില്ല. കുമാർ അമ്പയറോട് കയർക്കുകയും ചെയ്തു. കർണാടകയ്ക്ക് അമ്പയറുടെ തീരുമാനം അംഗീകരിക്കുക അല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു. എന്നാൽ കാണികൾക്ക് അത് അംഗീകരിക്കാന‍് കഴിയുമായിരുന്നില്ല. 

രണ്ടാം ഇന്നിംങ്ങ്സിനു എത്തിയപ്പോഴും പൂജാര പവിലയനിലേയ്ക്ക് മടങ്ങിയപ്പോഴും ചതിയൻ വിളികൾ ഉയർന്നു. കർണാടകയുടെ ബോളിങ് ആക്രമണത്തിനു മുന്നിൽ ചേതേശ്വർ പൂജാരയുടെ തകർപ്പൻ സെഞ്ചുറിമികവിലാണ് (പുറത്താകാതെ 131) സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചത്. 279 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത സൗരാഷ്ട്ര, 91.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിജയം അഞ്ചു വിക്കറ്റിന്. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ വിദർഭയാണ് സൗരാഷ്ട്രയുടെ എതിരാളി. ആദ്യമായി സെമിയിലെത്തിയ കേരളത്തെ രണ്ടു ദിവസം മാത്രം നീണ്ടുനിന്ന മൽസരത്തിൽ തകർത്തെറിഞ്ഞാണ് വിദർഭയുടെ വരവ്.