ലോക ക്രിക്കറ്റില്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി അഫ്ഗാനിസ്ഥാന്റെ വണ്ടർ സ്പിന്നര്‍ റഷീദ് ഖാന്‍. ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ സ്‌പിന്നറെന്ന് റെക്കോഡാണാണ് ഏറ്റവുമൊടുവിൽ ഈ അഫ്‌ഗാന്‍ താരത്തെ തേടിയെത്തിയത്. അയര്‍ലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഹാട്രിക്കടക്കം തുടര്‍ച്ചയായി നാല് പന്തുകളില്‍ റഷീദ് വിക്കറ്റ് വീഴ്‌ത്തി.
കെവിന്‍ ഓബ്രിയാന്‍, ജോര്‍ജ് ഡോക്ക്‌റല്‍, ഷെയ്‌ന്‍ ഗെറ്റ്കറ്റെ, സിമി സിംഗ് എന്നിവരെയാണ് പുറത്താക്കിയത്. അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി നാല് വിക്കറ്റ് നേടുന്ന ആദ്യ ബൗളര്‍ കൂടിയാണ് റഷീദ്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ റഷീദ് ഖാന്‍ 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി.
കളിയിൽ ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 210 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിംങിന് ഇറങ്ങിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ അഫ്‌ഗാന്‍ 32 റണ്‍സിന് വിജയിച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര അഫ്‌ഗാന്‍ തൂത്തുവാരി.
നേരത്തെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന താരമെന്ന റെക്കാര്‍ഡ് ഈ യുവതാരം സ്വന്തമാക്കിയിരുന്നു. താരത്തിന്റെ 44മത്തെ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. റഷീദിന്റെ പടയോട്ടത്തില്‍ വഴിമാറേണ്ടി വന്നത് ഓസ്‌ട്രേലിയന്‍ എക്‌സ്പ്രസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. സ്റ്റാര്‍ക്കിന് 100 വിക്കറ്റിലെത്താന്‍ വേണ്ടിവന്നത് 52 മത്സരങ്ങളും.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റഷീദ് ഖാന്‍റെ ഓള്‍റൗണ്ട് മികവാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഫൈനലില്‍ എത്തിച്ചത്. ട്വന്‍റി 20യില്‍ ഇന്ന് ലോകത്തിലെ മികച്ച സ്‌പിന്നര്‍ റഷീദ് ഖാന്‍ ആണെന്ന് സച്ചിന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.