orange-team

ക്രിക്കറ്റ് അടക്കം ഇന്ത്യയുടെ മിക്ക ദേശിയ ടീമുകളുടെയും ജഴ്സിയുടെ നിറം നീലയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗ്യനിറമെന്നാണ് നീല ജഴ്സിയെ വിശേഷിപ്പിക്കുന്നതും. എന്നാല്‍ ഈ ലോകകപ്പില്‍ അതിനൊരു മാറ്റം വരുന്നു. ആതിഥേരായ ഇംഗ്ലണ്ടിനെതിരെയുളള മല്‍സരത്തില്‍ ടീംഇന്ത്യ ഇറങ്ങുക ഓറഞ്ച് ജഴ്സി അണിഞ്ഞായിരിക്കും. പുതിയ ജഴ്സി, ബിസിസിഐ ഉടന്‍ പുറത്തിറക്കും.  

 

വകഭേദങ്ങള്‍ ധാരാളം കണ്ടെങ്കിലും നീല വിട്ടൊരുകളിയുണ്ടായിരുന്നില്ല ടീം ഇന്ത്യയ്ക്ക്. നീലകുപ്പായത്തിലെ ഇന്ത്യന്‍ ടീമിന് ഒരു പ്രത്യേകചന്തമുണ്ടെന്നാണ് പറയാറ്. ആരാധകരുടെ മനസില്‍ അത്രമേല്‍ ആഴ്ന്നിറങ്ങിയ നിറമാണത്. പക്ഷെ, ഈ ലോകകപ്പിലെ ചില മല്‍സരങ്ങളില്‍ ടീം ഇന്ത്യ, മൈതാനത്തിറങ്ങുക ഓറഞ്ച് നിറംപൂശിയ പുതിയ  ജഴ്സിയോടുകൂടിയാകും. അനിവാര്യം എന്നതുകൊണ്ടുമാത്രം. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലാകും പുതിയ കുപ്പായത്തില്‍ ടീമിനെ കാണാനാവുക. ഒരേനിറത്തോടുകൂടിയ ജഴ്സിയാണ് ഇരുവരുടേയുമെന്നതിനാല്‍, ആതിഥേയര്‍ക്ക് അവരുടെതന്നെ ജഴ്സിയണിയാമെന്നാണ് ഐസിസി വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ ടീമുകളും പ്രധാന ജഴ്സികൂടാതെ മറ്റൊന്നുകൂടി കരുതണമെന്നും നേരത്തെ ഐസിസി അറിയിച്ചിരുന്നു. 

 

 

അതേസമയം, ജഴ്സിയുടെ നിറം ഓറഞ്ചായിരിക്കുമെന്ന വിവരമല്ലാതെ മറ്റൊന്നും പുറത്തുവന്നിട്ടില്ല. മുന്‍വശത്ത് കടുംനീലയും കൈകളിലും പിന്‍വശങ്ങളിലും ഓറഞ്ചും ചേരുന്നതാകും ജഴ്സിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ റിപ്പോര്‍ട്ടുകള്‌‍‍ വന്നതിന് പിന്നാലെ ആരാധകര്‍തന്നെ പുതിയ ജഴ്സി രൂപകല്‍പനചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഇംഗ്ലണ്ടിനെ കൂടാതെ നീല ജഴ്സി ഉപയോഗിക്കുന്ന അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ ടീമുകള്‍ക്കെതിരെയും ഇന്ത്യന്‍ കുപ്പായം ഓറഞ്ചിലായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.