raina-dhoni-step-dwon

മിനിറ്റുകളുടെ വ്യത്യാസത്തിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയും സഹതാരം സുരേഷ് റെയ്നയും അതിനുശേഷം ദീർഘനേരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതായി വെളിപ്പെടുത്തൽ. റെയ്ന തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്: ‘സൂപ്പർ കിങ്സിന്റെ ഐപിഎൽ ക്യാംപിനായി ചെന്നൈയിലേക്കെത്തുമ്പോള്‍ ധോണി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് എനിക്കുറപ്പായിരുന്നു.

 

തയാറെടുത്താണു ‍ഞാനുമെത്തിയത്. ഞാനും പീയൂഷ് ചൗളയും ദീപക് ചാഹറും ചാർട്ടേഡ് വിമാനത്തിൽ ആദ്യം റാഞ്ചിക്കു പോയി. അവിടെനിന്നു ധോണിയെക്കൂട്ടി ചെന്നൈയിലെത്തി. വിരമിക്കൽ പ്രഖ്യാപിച്ചശേഷം ഞങ്ങൾ കെട്ടിപ്പിടിച്ച് ഏറെനേരം പൊട്ടിക്കരഞ്ഞു. പിന്നീടു ഞാനും ധോണിയും പീയൂഷും അമ്പാട്ടി റായുഡുവും കേദാർ ജാദവും കുറെനേരം സംസാരിച്ചു. ദീർഘനേരത്തെ സംഭാഷണത്തിനുശേഷം രാത്രി വൈകുവോളം പാർട്ടി നടത്തി ആഘോഷിച്ചു’ – റെയ്ന പറഞ്ഞു.

 

ഓഗസ്റ്റ് 15ന്റെ രഹസ്യം

 

‘ധോണിയുടെ ജഴ്സി നമ്പർ 7 ആണ്. എന്റേത് 3. രണ്ടുംകൂടി ചേർത്താൽ 73. രാജ്യത്തിന്റെ 73–ാം സ്വാതന്ത്ര്യദിനമായ ഈ ഓഗസ്റ്റ് 15 വിരമിക്കാൻ തിരഞ്ഞടുത്തതിനു പിന്നിലെ കാരണമിതാണ്. എല്ലാം ഞങ്ങൾ നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു.’ – റെയ്ന പറഞ്ഞു.