mallueuro

യൂറോകപ്പിൽ ഇറ്റലിയുടെ വിജയത്തിനായി കാത്തിരിക്കുകയാണ് അവിടുത്തെ മലയാളികൾ. നാട്ടിലെ ഫുട്ബോൾ ആവേശത്തിനപ്പുറം സെവൻസ് ഫുട്ബോൾ ടൂർണമെന്റ്കൾ ഒരുക്കിയാണ് റോമിലെ മലയാളികൾ യൂറോ കലാശപ്പോരാട്ടത്തിനായി കാത്തിരിക്കുന്നത്. അനു പോളിന്റെ  റിപ്പോർട്ട്.

പ്രാദേശിക ലോകഡൗണും കോവിഡ്  നിയന്ത്രണങ്ങളും, നാട്ടിലെ ഫുട്ബോൾ ആവേശങ്ങൾക്ക് പൂട്ടിട്ടപ്പോൾ ഇവിടെ ഇറ്റലിയിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആവേശത്തിലാണ് മലയാളികൾ. യൂറോ കപ്പ്  ആവേശം അലയടിച്ച റോമിലെ ഒളിമ്പിക സ്റ്റേഡിയത്തിന് തൊട്ടടുത്ത് ചെറു ഫുട്ബോൾ കോർട്ടുകളിൽ പന്തുതട്ടി ഇറ്റലിയുടെ ആവേശത്തിനൊപ്പം  ചേരുകയാണ് മലയാളികളായ ഫുട്ബോൾ പ്രേമികൾ. കഴിഞ്ഞ ഒന്നരവർഷത്തോളം ഇറ്റലിയുടെ ചെറുത്തുനിൽപ്പിനൊപ്പം ചേർന്ന മലയാളികൾ യൂറോ കപ്പിൽ ഇറ്റലിയുടെ വിജയത്തിന് അപ്പുറം ഒന്നും സ്വപ്നം കാണുന്നില്ല. റോമിലെ ബാറ്റിസ്റ്റിനിയിൽ  അമൽ തങ്കച്ചൻ മെമ്മോറിയൽ ടൂർണമെന്റിൽ ഇരു ടീമുകളിലായി  പരസ്പരം പോരടിക്കുമ്പോഴും വെംബ്ലിയിൽ ഇറ്റലി കപ്പ് ഉയർത്തുമെന്ന കാര്യത്തിൽ ആർക്കും സംശയമേയില്ല. 

റോമിലും മിലാനിലും നിരവധി മലയാളി കൂട്ടായ്മകളാണ് ഫുട്ബോൾ ക്ലബ്ബുകളുമായി രംഗത്തുള്ളത്. യൂറോകപ്പ് ആരവത്തിന് തൊട്ടടുത്തുനിന്ന് ഫുട്ബോൾ കളിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഓരോ മലയാളികളും.