രാജസ്ഥാൻ റോയൽസിനൊപ്പം ഫൈനലിൽ നിറഞ്ഞാടാനായില്ലെങ്കിലും ഐപിഎൽ പുരസ്കാരങ്ങളിൽ ഓറഞ്ച് ക്യാപ്പടക്കം ആറ് അവാർഡുകൾ വാരിക്കൂട്ടി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ജോസ് ബട്‌ലർ ആണ്.
ബട്‌ലർ വമ്പൻ ഇന്നിങ്സുകൾ കാഴ്ചവയ്ക്കുമ്പോഴൊക്കെ രാജസ്ഥാൻ റോയൽസ് താരങ്ങളുടെ കുടുംബാംഗങ്ങൾ ഇരിക്കുന്ന ബോക്സിൽ രാജസ്ഥാൻ ജഴ്സിയിൽ ടീമിനു പ്രോത്സാഹനം നൽകുന്ന ഒരു സ്ത്രീയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രാദ്ധേയമാവുകയും ചെയ്തു. മാത്രമല്ല ബട്‌ലർ വെടിക്കെട്ട് ഷോട്ടുകൾ കളിക്കുമ്പോൾ ഇവരുടെ പ്രോത്സാഹനം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇവർ ആരാണ് എന്നന്വേഷണമായി സാമൂഹികമാധ്യമങ്ങളിൽ.
എന്നാൽ ഇവരെ ബട്‌ലറുടെ ഭാര്യയായിട്ടാണ് ഒട്ടേറെ ആരാധകർ ‘തെറ്റിദ്ധരിച്ചിരിക്കുന്നത്’. ലാറ വാർ ഡർ ദസ്സൻ എന്നാണ് ഇവരുടെ പേര്. യഥാർഥത്തിൽ രാജസ്ഥാൻ റോയൽസിലെ ദക്ഷിണാഫ്രിക്കൻ താരം റാസ്സി വാൻ ഡർ ദസ്സന്റ ഭാര്യയാണു ലാറ. ദസ്സനെ പതിവായി ഗാലറിയിലെത്തി പിന്തുണയ്ക്കുന്ന സ്വഭാവക്കാരിയാണു ലാറ. ലൂയ്സെ വെബ്ബാറാണു ജോസ് ബട്‌ലറുടെ ഭാര്യ.
തന്നെയും ബട്‌ലറെയും ചേർത്തുള്ള ആരാധകരുടെ ഈ ആശയക്കുഴപ്പത്തെക്കുറിച്ച്, രാജസ്ഥാൻ റോയൽസിനായുള്ള പോഡ്കാസ്റ്റിൽ ലാറ പ്രതികരിച്ചത് ഇങ്ങനെ, ‘ഞാൻ ജോസ് ബട്‌ലറുടെ ഭാര്യയാണെന്നാണ് ആളുകൾ ധരിച്ചിരിക്കുന്നത്. കുറച്ചധികം തവണ ഞാൻ ക്യാമറയിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണിത് എന്നാണ് കരുതുന്നത്. മത്സരത്തിനിടെ ടീമിനായി ആർപ്പുവിളിക്കണം എന്നത് ധനശ്രീക്കും (യുസ്‌വേന്ദ്ര ചെഹലിന്റെ ഭാര്യ) എനിക്കും നിർബന്ധമാണ്. ജോസ് ബട്‌ലർ സെഞ്ചറി നേടുമ്പോൾ സംഭവിക്കുന്നതും ഇതുതന്നെ. ഇതുകാണുമ്പോഴാകും ഞാൻ ബട്‌ലറുടെ ഭാര്യയാണെന്ന് ആരാധകർ കരുതുന്നത്. എന്തായാലും സംഭവം കൊള്ളാം.
റാസിക്ക് ഐപിഎല്ലിൽ കാര്യമായ മത്സരങ്ങൾ കളിക്കാനായിട്ടില്ലല്ലോ. അതുകൊണ്ട് റാസ്സിക്കു പ്രോത്സാഹനം നൽകാൻ എനിക്കു കഴിയുന്നില്ല. അതു കൊണ്ട് തൽക്കാലം ബട്‌ലറിനായുള്ള പ്രോത്സാഹനം ഞാൻ സ്വീകരിക്കുകയാണ്, അത് ആസ്വദിക്കുകയും ചെയ്യുന്നു’– ലാറ പറഞ്ഞു.