ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേ ഓഫ് ഘട്ടത്തിലേക്കു യോഗ്യത നേടാനാകാതെ പോയത് ആരാധകരെ നിരാശരാക്കിയ കാര്യമാണ്. 14 മത്സരങ്ങളിൽ 4 ജയം മാത്രം നേടാനായ ചെന്നൈ 8 പോയിന്റോടെ മുംബൈ ഇന്ത്യൻസിനു മാത്രം മുകളിൽ പോയിന്റ് പട്ടികയിലെ 9–ാം സ്ഥാനത്താണു സീസണിൽ ഫിനിഷ് ചെയ്തത്. സാരമില്ല അടുത്ത സീസണിൽ കപ്പടിക്കാം എന്നാണ് ആരാധകരുടെ ഭാഷ്യം.
കളിക്കളത്തിനകത്ത് മാത്രമല്ല പുറത്തും ധോണി കൂളാണ്. ഇപ്പോഴിതാ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ചെന്നൈ ആരാധികയോടുള്ള ‘ഹൃദയം നിറഞ്ഞ’ ആശയവിനിമയത്തിലൂടെ വീണ്ടും ആരാധകരുടെ മനസ്സു നിറച്ചിരിക്കുകയാണ് സിഎസ്കെ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ഐപിഎൽ സീസണു ശേഷം റാഞ്ചി വിമാനത്താവളത്തിൽനിന്നു ചെന്നൈയിലേക്കു മടങ്ങുന്നതിനിടെയാണു ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആരാധികയുമായി ധോണി ആശയവിനിമയം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വിഡോയോയും കുറിപ്പും ലാവണ്യ പിലാനിയ എന്ന ആരാധിക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
‘ധോണിയുമായുള്ള കൂടിക്കാഴ്ച നൽകിയ അനുഭവം പറഞ്ഞറിയിക്കാൻ സാധിക്കില്ല. സ്നേഹ സമ്പന്നനും മൃദുഭാഷിയുമാണു ധോണി. എന്റെ പേരിന്റെ സ്പെല്ലിങ് അദ്ദേഹം ചോദിച്ച രീതി മറക്കാനാകില്ല. അതിനു ശേഷം അദ്ദേഹം എനിക്കു ഹസ്തദാനം നൽകി. പിന്നീട് കരയരുത് എന്നു പറഞ്ഞ് എന്റെ കണ്ണീർ തുടച്ചു. അളവില്ലാത്ത സന്തോഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ എനിക്കു നൽകിയത്.
ഞാൻ വരച്ച അദ്ദേഹത്തിന്റെ ചിത്രം സ്വീകരിച്ചതിനു ശേഷം എനിക്കു നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ എക്കാലവും ഓർമയിൽ ഉണ്ടാകും. അദ്ദേഹത്തിന്റെ അമൂല്യമായ സമയമാണ് എനിക്കായി നീക്കിവച്ചത്. താങ്കൾ വളരെ നല്ല ആളാണെന്നു ഞാൻ പറഞ്ഞപ്പോഴുള്ള ധോണിയുടെ പ്രതികരണം വിലമതിക്കാനാകാത്തതാണ്. മേയ് 31, 2022 എനിക്ക് എറെ പ്രിയപ്പെട്ട ദിവസം ആയിരിക്കും’– ലാവണ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.