സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തിളങ്ങി സഞ്ജു സാംസണ്‍. ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പിങ്ങിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. സിംബാബ്‍വെ ഓപ്പണർ തകുഷ്‍വനാഷെ കൈറ്റാനോയെ ഒറ്റക്കൈകൊണ്ട് ക്യാച്ചെടുത്താണു സഞ്ജു പുറത്താക്കിയത്. പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ ഒൻപതാം ഓവറിലായിരുന്നു സംഭവം. കൈറ്റാനോയുടെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് വലതു ഭാഗത്തേക്കു ഡൈവ് ചെയ്ത് സഞ്ജു പിടിച്ചെടുക്കുകയായിരുന്നു.

 

ഇതോടെ കൈറ്റാനോ 32 പന്തിൽ ഏഴു റൺസ് മാത്രമെടുത്തു പുറത്തായി. സിംബാബ്‍വെ താരം ഇന്നസെന്റ് കയയെ ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ സഞ്ജു ക്യാച്ചെടുത്താണു പുറത്താക്കിയത്. 27 പന്തുകൾ നേരിട്ട താരം 16 റണ്‍സെടുത്തു മടങ്ങി. വെ‍സ്‍ലി മാധവരെ രണ്ടു റൺസിനു പുറത്തായപ്പോഴും ക്യാച്ചെടുത്തത് വിക്കറ്റിനു പിന്നിലെ സഞ്ജുവായിരുന്നു. 

 

രണ്ടാം ഏകദിനത്തി‌ലും ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്‍ കെ.എൽ. രാഹുൽ സിംബാബ്‍വെയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ മത്സരത്തിൽ സിംബാബ്‍വെയെ പത്ത് വിക്കറ്റിനു കീഴടക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്‌വെയെ കീഴടക്കിയത്. സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടി. 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.