TAGS

ഖത്തറില്‍ നടക്കുന്ന ലോകകപ്പ്  ഫുട്ബോള്‍ നേരിട്ട് കാണണമെന്ന അബ്ദുള്‍ റഹ്മാന്റ ആഗ്രഹം യാഥാര്‍ഥ്യമാകുന്നു. ഫുട്ബോള്‍ താരമാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ ഫുട്ബോളിന്റ പ്രചാരകനായി ജീവിക്കുകയാണ്  പയ്യന്നൂരുകാരനായ അബ്ദുള്‍ റഹ്മാന്‍ ഇന്ന്. 

 

പന്ത് തട്ടി വലകുലുങ്ങുന്ന ഏതിടത്തും റഹ്മാനുണ്ടാകും. കയ്യിലൊരു പന്തും സൈക്കിളുമായി. ഏറ്റവും വലിയ കാല്‍പന്താവേശം ഉയരുന്ന ലോകകപ്പ് മൈതാനത്ത് എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടക്കാത്ത സ്വപ്നങ്ങള്‍ക്കൊപ്പം അതും നീക്കി വെച്ചു. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഭാഗ്യം അബ്ദുള്‍ റഹ്മാനെ തേടിയെത്തിയിരിക്കുകയാണ്. 

 

സമൂഹമാധ്യമത്തില്‍  അബ്ദുള്‍ റഹ്മാന്റെ ഫുട്ബോള്‍ ട്രിക് വിഡിയോ കണ്ട പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്താണ് വിമാനടിക്കറ്റ് എടുത്ത് കൊടുത്തത്. കളി കാണനുള്ള ടിക്കറ്റ് മറ്റൊരു പ്രവാസിയായ ഫിറോസ് നാട്ടുവും.  ചെറുപ്പം മുതല്‍ ഫുട്ബോളിനെ ഇഷ്ടപ്പെട്ടിരുന്ന അബ്ദുള്‍ റഹ്മാന് പരുക്കുമൂലം പിന്നീട് കളം വിടേണ്ടിവന്നു. 1973 ല്‍ കേരളം സന്തോഷ് ട്രോഫി നേടുമ്പോള്‍ സ്റ്റാഫംഗമായി റഹ്മാനുമുണ്ടായിരുന്നു.