ക്രിസ്റ്റ്യന്‍ എറിക്സന്റെ ഡെന്‍മാര്‍ക്കിന് ആദ്യമല്‍സരത്തില്‍ എതിരാളികള്‍ ടുണീസ്യ. യോഗ്യതാറൗണ്ടില്‍ 30 ഗോളടിച്ച മുന്നേറ്റനിരയിലാണ് ഡെന്‍മാര്‍ക്കിന്റെ പ്രതീക്ഷ. വൈകുന്നേരം ആറരയ്ക്കാണ് മല്‍സരം

കഴിഞ്ഞ യൂറോകപ്പില്‍ സെമിഫൈനലിലെത്തിയ ഡെന്‍മാര്‍ക്ക് നേഷന്‍സ് ലീഗില്‍ ലോകചാംപ്യന്‍മാരായ ഫ്രാന്‍സിനെ കീഴടക്കിയത് രണ്ടുതവണ.  പരിശീലകന്‍ കാസ്പര്‍ ഹ്യൂല്‍മന്‍ഡിന്റെ ശൈലിക്ക് യോചിച്ച ഒരു  സെന്റര്‍ ഫോര്‍വേഡില്ല എന്നത് മാത്രമാണ് അല്‍പമെങ്കിലും ആശങ്കയുണ്ടാക്കുന്നത്.  കരുത്തരായ എതിരാളികള്‍ക്കെതിരെ കളിക്കുമ്പോള്‍ മധ്യനിരയില്‍ നാലുപേരെയും  അല്ലാത്തപ്പോള്‍ പ്രതിരോധത്തില്‍ നാലുപേരെയുമിറക്കുന്നതാണ് ഹ്യൂല്‍മന്‍ഡിന്റെ രീതി. 

പത്തുമല്‍സരങ്ങളില്‍ ഒന്‍പതിലും വിജയിച്ച് മൂന്നുഗോളുകള്‍ മാത്രം വഴങ്ങിയാണ് ഡെന്‍മാര്‍ക്ക് യൂറോപ്പില്‍ നിന്ന് ഖത്തറിലേയ്ക്ക് യോഗ്യത ഉറപ്പാക്കിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തെ എടവേളയ്ക്ക് ശേഷം ദേശീയ ടീമില്‍ മടങ്ങിയെത്തിയ ക്രിസ്റ്റ്യന്‍ എറിക്സനാണ് ഡെന്‍മാര്‍ക്കിന് ഗോളുകളിലേയ്ക്ക് വഴിയൊരുക്കുന്നത്.  ക്ലബ് ഫുട്ബോളില്‍ തിളങ്ങിനില്‍ക്കുന്ന ടോട്ടനം താരം ഹൊയ്ബര്‍ഗ്, ബ്രെന്‍ഡ്ഫോഡിന്റെ മിക്കെല്‍ ഡാംസ്ഗാര്‍ഡ്, െസവ്വിയ താരം കാസ്പര്‍ ഡോല്‍ബര്‍ഗ് എന്നിവര്‍ ചേരുന്നതാണ് ഡാനിഷ് മുന്നേറ്റം. 

മല്‍സരിച്ച  കഴിഞ്ഞ അഞ്ചുലോകകപ്പുകളിലും ടുണീസ്യയ്ക്ക് ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനായിട്ടില്ല.  റഷ്യ ലോകകപ്പില്‍ മല്‍സരിച്ച ടീമില്‍ വലിയ മാറ്റമൊന്നും ഇക്കുറിയില്ലെങ്കിലും ഇംഗ്ലീഷ് ക്ലബുകളുടെ യൂത്ത് ടീമുകളില്‍ കളിക്കുന്ന ഇരട്ടപൗരത്വമുള്ള ഒരുപിടി യുവതാരങ്ങളെ ഉള്‍പ്പെടുത്തിയത് നിര്‍ണായകമാകുമെന്നാണ് ടുണീസ്യയുടെ പ്രതീക്ഷ

Denmark vs Tunisia - World Cup 2022