താര ലേലത്തിലേക്ക് തന്റെ പേര് എത്തിയപ്പോൾ എന്ത് വിലകൊടുത്തും തന്നെ സ്വന്തമാക്കും എന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പറഞ്ഞിരുന്നതായി സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. എന്നാൽ ഫ്രാഞ്ചൈസി ഈ വാക്ക് പാലിക്കാതിരുന്നത് തന്നെ ക്ഷുഭിതനാക്കിയതായി താരം പറയുന്നു. ഫ്രാഞ്ചൈസിയുടെ ഭാ​ഗത്ത് നിന്ന് ആശയ വിനിമയം വേണ്ടരീതിയിൽ വരാതിരുന്നതിനേയും ചഹൽ വിമർശിക്കുന്നു. 

'എനിക്ക് വലിയ സങ്കടം തോന്നിയിരുന്നു. ആർസിബിക്കൊപ്പമാണ് എന്റെ യാത്ര ആരംഭിച്ചത്. എട്ട് വർഷം ഞാൻ അവർക്കൊപ്പം നിന്നു. ആർസിബിയാണ് എനിക്ക് അവസരം തന്നത്. അതുവഴിയാണ് ഞാൻ ഇന്ത്യൻ ടീമിലേക്ക് എത്തിയത്. ആദ്യ മത്സരം മുതൽ കോലി എന്നെ വിശ്വസിച്ചു. എട്ട് വർഷം കൊണ്ട് അതൊരു കുടുംബമായി മാറി. ഞാൻ വലിയ തുക ആവശ്യപ്പെട്ടു എന്ന നിലയിൽ വാർത്തകൾ വന്നു. എന്നാലത് ശരിയല്ല. ഫ്രാഞ്ചൈസിയിൽ നിന്ന് എനിക്ക് കോളുകളൊന്നും വന്നില്ല എന്നതാണ് നിരാശപ്പെടുത്തിയത്', ചഹൽ പറയുന്നു. 

'140 മത്സരം ‍ഞാൻ അവർക്കു വേണ്ടി കളിച്ചു. പെട്ടെന്നാണ് കാര്യങ്ങൾ മാറിയത്. ലേലത്തിൽ എന്നെ സ്വന്തമാക്കാൻ എന്തും ചെയ്യുമെന്ന് അവർ പറഞ്ഞു. താര ലേലത്തിന് ശേഷം എനിക്ക് ദേഷ്യമായിരുന്നു. എട്ട് വർഷം ഞാൻ അവർക്കൊപ്പം നിന്നതാണ്. ചിന്നസ്വാമിയാണ് എന്റെ പ്രിയപ്പെട്ട ​ഗ്രൗണ്ട്. രാജസ്ഥാൻ റോയൽസിലെത്തിയ ശേഷം ആർസിബിക്കെതിരായ മത്സരത്തിനിടെ ബാം​ഗ്ലൂർ പരിശീലകരോട് ആദ്യം സംസാരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല', ചഹൽ പറഞ്ഞു.