ഇത്തവണത്തെ ഏഷ്യാ കപ്പ് ഫൈനലില്‍ പ്രവേശിച്ച ആദ്യ ടീമായി മാറിയിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെ 228 റണ്‍സിന് തോല്‍പ്പിച്ച ടീം ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തിരിക്കുന്നത്. ഇനി അറിയാനുള്ളത് ആരായിരിക്കും ഞായറാഴ്ച നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ എന്നുള്ളകാര്യമാണ്. അത് പാക്കിസ്ഥാനാകുമോ? ശ്രീലങ്കയാകുമോ? സാധ്യതകൾ പരിശോധിക്കാം 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു സ്വപ്ന ഫൈനൽ സ്വപ്നം കാണുന്ന വലിയൊരു വിഭാഗം ആരാധകരെ നമുക്ക് സാമൂഹിക മാധ്യമങ്ങളിൽ കാണാം. അതേസമയം 2017ലെ ചാമ്പ്യന്‍സ് ട്രോഫി ചരിത്രം ആവര്‍ത്തിക്കപെടുമോ എന്ന് ചോദിക്കുന്നവരും കുറവല്ല. അന്ന് ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാൻ ഫൈനലില്‍ ഇന്ത്യയെ 180 റൺസിന്‌ തോൽപ്പിച്ചാണ് കിരീടം നേടിയത്. അതുകൊണ്ട് തന്നെ വീണ്ടുമൊരു ഫൈനൽ വന്നാൽ അത് തീപാറുന്നൊരു പോരാട്ടമാകുമെന്നു ഉറപ്പ്. 

ബംഗ്ലാദേശുമായിട്ടാണ് സൂപ്പർ ഫോറിൽ ഇന്ത്യ ഇനി ഏറ്റുമുട്ടുക. ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതുകൊണ്ടും ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം പുറത്തായതുകൊണ്ടും ഈ മത്‌സരത്തിനു വല്യ പ്രസക്തിയില്ല. നാളെ നടക്കുന്ന ശ്രീലങ്ക– പാക്കിസ്ഥാൻ പോരാട്ടമാകും ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആരാകുമെന്നു തീരുമാനിക്കുക. ഫൈനൽ ടിക്കറ്റുറപ്പിക്കാൻ നാളെ ഒരു ജീവന്മരണ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. 

നിലവിൽ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും 2 പോയിന്റുകൾ വീതമാണുള്ളത്. പാക്കിസ്ഥാന്റെ നിലവിലെ റൺ റേറ്റ് –1.892 ആണ്. ശ്രീലങ്കയുടേത് -0.200,  മഴമൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഇരു ടീമുകൾക്കും 3 പോയിന്റുകൾ വീതം ലഭിക്കും. ഈ സാഹചര്യത്തിൽ നെറ്റ് റൺറേറ്റാവും ഫൈനലിലെ ഇന്ത്യയുടെ എതിരാളികളെ തീരുമാനിക്കുന്നത്. മഴമൂലം ഇനി മത്‌സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ശ്രീലങ്കയാവും ഫൈനൽ ബെർത്ത് ഉറപ്പിക്കുക. അതിനു കാരണം പാക്കിസ്ഥാനെക്കാൾ ഉയർന്ന അവരുടെ നെറ്റ്  റൺറേറ്റാണ്. 

17ാം തീയ്യതി അതായത് ഈ വരുന്ന ഞായറാഴ്ച കൊളംബോയിൽ ആണ് ഏഷ്യ കപ്പിന്റെ ഫൈനൽ നടക്കുക. ആരാധകർ ആവേശത്തോടെ നോക്കി കാണുന്ന  ഇന്ത്യ പാക്കിസ്ഥാൻ ആവേശ ഫൈനലാകുമോ അതല്ല നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയായിരിക്കുമോ കലാശപ്പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ? കാത്തിരുന്നു തന്നെ കാണാം

Asia Cup 2023 Final Scenario: Who Will India Face In The Finals?