ഏഷ്യ കപ്പ് കിരീടപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ പ്രവചനങ്ങൾ അപ്രസക്തമാണ് എന്ന് പറയാം.  സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനേയും ശ്രീലങ്കയേയും തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. സെമി ഫൈനൽ പോരാട്ടത്തിന്റെ വീറും വാശിയും നിറഞ്ഞ ആവേശ പോരാട്ടത്തിൽ പാക്കിസ്ഥാനെ കീഴടക്കിയാണ് ശ്രീലങ്ക ഫൈനലില്‍ എത്തിയിരിക്കുന്നത്. നിലവിലെ ഫോം വിലയിരുത്തുമ്പോൾ ഇന്ത്യക്കാണ് മുൻതൂക്കം എന്ന് പറയാമെങ്കിലും ശ്രീലങ്കയെ എഴുതള്ളാൻ കഴിയില്ല. കാരണം ഏഷ്യ കപ്പിലെ കണക്കുകളിലെ കളിയിൽ തുല്യ ശക്തികളുടെ പോരാട്ടം എന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിനെ വിശേഷിപ്പിക്കേണ്ടി വരും.

7 തവണ ഏഷ്യാ കപ്പുയർത്തിയ ടീമാണ് ഇന്ത്യ, ശ്രീലങ്കയാവട്ടെ 6 തവണയും. ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്താനുള്ള അവസരമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പിലെ നേർക്കുനേർ പോരാട്ടങ്ങളുടെ കണക്ക് നോക്കുകയാണെങ്കിൽ 11 ജയങ്ങളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അതേസമയം ഇന്ത്യയും ശ്രീലങ്കയും ഏകദിനത്തിൽ 166 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഈ 166 കളികളിൽ ഇന്ത്യ 97ലും ജയിച്ചപ്പോൾ ശ്രീലങ്ക 57 തവണ ജയിച്ചു. 11 മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. 1 മത്സരം ടൈയിൽ അവസാനിച്ചു

ആർ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിലേക്ക് നോക്കുകയാണെങ്കിൽ ബാറ്റർമാർക്ക് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല സ്പിന്നിന് വലിയ മുന്‍തൂക്കം ലഭിക്കുന്ന പിച്ചുകൂടിയാണിത്. ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഗംഭീര പ്രകടനമായിരുന്നു ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയുടെ സ്പിന്നര്‍മാര്‍ കാഴ്ചവെച്ചത്.  ദുനിത് വെല്ലാലഗെ, ചരിത് അസലങ്ക, മഹീഷ് തീക്‌‌ഷണ എന്നീ ബൗളർമാരെ എങ്ങനെ നേരിടും എന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. കാരണം കഴിഞ്ഞ മത്സരത്തിൽ  41 റൺസിന് 5 വിക്കറ്റ് വീഴ്ത്തി ഇടംകൈ സ്പിന്നർ ദുനിത് വെല്ലാലഗെ ഇന്ത്യൻ മുൻനിരയെ തകർത്തതും 9 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി ചരിത് അസലങ്ക ഇന്ത്യൻ വാലറ്റത്തെ തകർത്തുവിട്ടതും നമ്മൾ കണ്ടതാണ്..പരിക്കേ​റ്റ സ്പിന്നർ മഹീഷ് തീക്ഷണ പുറത്തായതും ശ്രീലങ്കയ്ക്ക് തിരിച്ചടിയാണ് 

ഏഷ്യാ കപ്പ് പോരാട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി മഴ തന്നെയാണ്. നാളെ കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ മൂലം നാളെ ഫൈനൽ പോരാട്ടം നടന്നില്ലെങ്കിൽ റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. റിസര്‍വ് ദിനത്തിലും മഴ കാരണം മത്സരം മുടങ്ങുകയാണെങ്കിൽ അല്ലെങ്കിൽ 20 ഓവര്‍ മത്സരമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും.റിസര്‍വ് ദിനമായ തിങ്കളാഴ്ചയും കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 80 ശതമനമാണെന്നാണ് പ്രവചനം.

ശ്രീലങ്കയുടെ തട്ടകമായ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം മൂന്ന് മണിക്കാണ്  കലാശപ്പോരാട്ടം. സ്വന്തം നാട്ടിൽ നടക്കുന്ന മത്‌സരമെന്ന മുൻതൂക്കവും പാക്കിസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ശ്രീലങ്കയ്‌ക്കൊപ്പമുണ്ട്. അതേസമയം ബംഗ്ലാദേശിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യയുടെ വരവ്. അഞ്ച് മാറ്റങ്ങളുമായിട്ടായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമിലെത്തി. തിലക് വര്‍മ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. എന്നാൽ ഇന്ത്യയുടെ പരീക്ഷണങ്ങൾ എല്ലാം പാളിയതാണ് മത്സരത്തിൽ കണ്ടത്. ഫൈനലിൽ ഇത്തരം പുതിയ പരീക്ഷണങ്ങൾ കാണില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. 

ഇനി ഇന്ത്യയുടെ സാധ്യത ഇലവൻ നോക്കാം

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും എന്നാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം. പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ഫിഫ്റ്റി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരെ പൂജ്യത്തിനാണ് പുറത്തായത്. അതിന്റെ ക്ഷീണം ഇന്ത്യൻ നായകന് ഫൈനലിൽ മറികടക്കേണ്ടതുണ്ട്. ഓപ്പണിങ്ങിൽ ശുഭ്മാന്‍ ഗില്ലിന്‍റെ ഫോം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. മൂന്നാം നമ്പറില്‍ വിരാട് കോലി തിരിച്ചെത്തുമ്പോൾ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും നാലാം നമ്പറിലും അഞ്ചാം നമ്പറിലും തുടരും.

ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ എത്തുമ്പോൾ എട്ടാം നമ്പറിൽ ആര് എന്നത് ചോദ്യചിഹ്നമാണ്.  ശാർദൂൽ താക്കൂർ, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരിൽ ആരെങ്കിലും ടീമിലെത്താനാണ് സാധ്യത. ബംഗ്ലാദേശിനെതിരേ പരിക്കേറ്റ അക്ഷര്‍ ഇന്ത്യന്‍ ടീമിലുണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ. പിന്നെ കുൽദീപ് യാദവും ജസ്പ്രീത് ബുമ്രയും. ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയുടെ ബോളിങ് നിരയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.  കുല്‍ദീപ് ഇതിനോടകം ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയിരിക്കുന്നത്. പേസ് നിരയില്‍ ഷമിയോ സിറാജോ എന്നതാണ് അടുത്ത ചോദ്യം.  സിറാജ് തിരിച്ചെത്തിയാല്‍ ഷമി പുറത്താവും. 

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുൻപ് ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യ മാറുമോ? അതല്ല നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക കപ്പ് നിലനിർത്തി ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്തുമോ? കാത്തിരുന്ന് തന്നെ കാണാം 

India vs Sri Lanka: 2023 Asia Cup final preview