നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ തങ്ങളുടെ മൂന്നാം ലോക കിരീടം ഉയര്‍ത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഓസ്ട്രേലിയക്ക് മേല്‍ ഇന്ത്യ ആധിപത്യം നേടി കളിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ കൂട്ടിയാണ് മുന്‍ താരം ഗുണ്ടപ്പ വിശ്വനാഥന്റെ വാക്കുകള്‍ എത്തുന്നത്. ഓസ്ട്രേലിയയേക്കാള്‍ സന്തുലിതമായ ആക്രമണനിരയാണ് ഇന്ത്യയുടേത് എന്ന് അദ്ദേഹം പറയുന്നു. 

'ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിന് ലൈനും ലെങ്ത്തും കണ്ടെത്താനായില്ലെങ്കില്‍ പിന്നെ സ്റ്റാര്‍ക്ക് കുറെ റണ്‍സ് വഴങ്ങും. കമിന്‍സ് അവിടിവിടെ വിക്കറ്റ് വീഴ്ത്തുന്നുണ്ട്. എന്നാല്‍ റണ്‍സ് വഴങ്ങുന്നതില്‍ കമിന്‍സും മുന്‍പിലുണ്ട്. ഹെയ്സല്‍വുഡ് ആണ് സ്ഥിരതയോടെ ഓസീസ് നിരയില്‍ പന്തെറിയുന്ന ബൗളര്‍. വിക്കറ്റ് വീഴ്ത്താന്‍ അവര്‍ക്ക് സാംപയുണ്ട്. മാക്സ്​വെല്ലും മികവ് കാണിക്കുന്നുണ്ട്, ഗുണ്ടപ്പ വിശ്വനാഥന്‍ പറയുന്നു. 

ഓസ്ട്രേലിയയുടേതിനേക്കാള്‍ നമ്മുടെ പേസ് ആക്രമണനിരയാണ് കൂടുതല്‍ സന്തുലിതമായത്. അതില്‍ ഒരു സംശയവും ഇല്ല. രണ്ട് സ്പിന്നര്‍മാരായ കുല്‍ദീപും ജഡേജയും നന്നായി പന്തെറിയുന്നു. അവര്‍ക്കാണെങ്കില്‍ ആദം സാംപ മാത്രമാണ് ആ സ്ഥാനത്തുള്ളത്. എന്നാല്‍ ഇന്ത്യക്കെതിരെ സാംപ വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെട്ടേക്കും, ഗുണ്ടപ്പ വിശ്വനാഥന്‍ ചൂണ്ടിക്കാണിക്കുന്നു.