Shami-1

ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരുക്കേറ്റതോടെയാണ് പേസര്‍ മുഹമ്മദ് ഷമി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായാണ് ഷമി ലോകകപ്പ് അവസാനിപ്പിച്ചത്. എന്നാല്‍ ഗുരുതര പരുക്കുമായാണ് ഷമി ലോകകപ്പ് കളിച്ചത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബംഗാള്‍ ടീമിലെ ഷമിയുടെ സഹതാരത്തിന്റേതാണ് വെളിപ്പെടുത്തല്‍. 

വേദന മാറുന്നതിനായി ഷമി ഓരോ മല്‍സരത്തിന് മുന്‍പും കുത്തിവയ്പ്പുകള്‍ എടുത്തിരുന്നതായാണ് ബംഗാള്‍ താരം പറയുന്നത്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബംഗാള്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ ബംഗാള്‍ താരം തയ്യാറായില്ല. 

ഷമിയുടെ ഇടതുകാലിലെ ഉപ്പൂറ്റിക്ക് പ്രശ്നമുണ്ട്. ലോകകപ്പിന്റെ സമയത്ത് ഷമി തുടര്‍ച്ചയായി കുത്തിവയ്പ്പുകള്‍ എടുത്തിരുന്നെന്ന് ആളുകള്‍ക്ക് അറിയില്ല. കടുത്ത വേദന അനുഭവിച്ചാണ് ഷമി ലോകകപ്പില്‍ കളിച്ചത്. പ്രായം കൂടുംതോറും വലിയ പരുക്കില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സമയമെടുക്കും, ബംഗാള്‍ ടീമിലെ ഷമിയുടെ സഹതാരം പറഞ്ഞു. 

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം മുഹമ്മദ് ഷമി ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഷമിയുടെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയായി. പ്രസിദ്ധ് കൃഷ്ണയുടെ മോശം ഫോമാണ് സെഞ്ചൂറിയനില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റില്‍ പ്രധാനമായും തലവേദനയായത്. 

Mohammed Shami played world cup by taking injections