sports-year-ender-02123

ആഹ്‌ളാദവും കണ്ണീരും മാത്രമല്ല ചുട്ടുപൊള്ളുന്ന വിവാദങ്ങള്‍ക്കും മൈതാനങ്ങള്‍ സാക്ഷിയായ വര്‍ഷമായിരുന്നു കടന്നു പോയത്. ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങിയതു മുതല്‍ കന്നിക്കിരീടം വിവാദങ്ങള്‍ക്ക് വഴിമാറിയ സ്പെയിനിലെ ചുംബന വിവാദവും ഇന്ത്യയിലെ ക്രിക്കറ്റ് ലോകകപ്പ് വിവാദങ്ങളും അക്കൂട്ടത്തിലുണ്ട്.

 

Protesting-Wrestlers-at-Har-Ki-Paur-01

ഗുസ്തി താരങ്ങള്‍ തെരുവില്‍

 

Rocio-Galvez-is-congratulated-by-Lu-04

ഗുസ്തിയില്‍ ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചവര്‍ തെരുവിലിറങ്ങിയ വര്‍ഷം. ഗോദ വിട്ടിറങ്ങിയവരുടെ കണ്ണീരാണ് ലോകം കണ്ടത്. ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെയുള്ള വനിതാതാരങ്ങള്‍ ലൈംഗികപീഡന പരാതി സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് വിസമ്മതിച്ചതോടെ താരങ്ങള്‍ തെരുവിലിറങ്ങുകയായികുന്നു. രാജ്യമെങ്ങും താരങ്ങള്‍ക്ക് പിന്തുണയേറി. എന്നാല്‍ ബ്രിജ് ഭൂഷണെ തൊടാന്‍ കേന്ദ്രം മടിച്ചു. ഫെഡ‍റേഷന്‍ തലപ്പത്ത് അയാളുടെ തന്നെ അനുയായികളെത്തി. പ്രതിഷേധിച്ച് സാക്ഷി മാലിക് ഗോദയോട് വിടപറഞ്ഞു. ബജ്റംഗ് പൂനിയയും വിനേഷ ഫോഗട്ടും പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി. ഒടുവില്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്രമെത്തി. എങ്കിലും നീതിക്കായുള്ള പോരാട്ടം തുടരുക തന്നെയാണ് താരങ്ങള്‍.

 

Cricke-02

സ്പെയിനിലെ ചുംബന വിവാദം

 

Pic-05

കടപ്പാട്: എക്സ്

പോയവര്‍ഷമാണ് ഇംഗ്ലണ്ടിനെ വീഴ്ത്തി വനിതാ ലോകകപ്പിൽ സ്പെയിന്‍ കന്നിക്കിരീടം ചൂടിയത്. എന്നാല്‍ ആഹ്ളാദാരവങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചത് പെട്ടെന്നായിരുന്നു. സമ്മാനച്ചടങ്ങിൽ മെഡൽ സ്വീകരിക്കാനെത്തിയ സ്പെയിൻ താരങ്ങളെ ഓരോരുത്തരെയായി കെട്ടിപ്പിടിച്ച് സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്‍റ് ലൂയിസ് റുബിയാലസ് ചുംബിച്ചു. ഇതോടെ താരങ്ങളുടെ അനുവാദമില്ലാതെ അവരെ ചുംബിച്ചതിന് കടുത്ത വിമര്‍ശനമാണ് റുബിയാലസിന് നേരിടേണ്ടി വന്നത്. ടീമിലെ പ്രധാനതാരങ്ങളിലൊരാളായ ജെന്നിഫർ ഹെർമോസെയെ ചുണ്ടിൽ ചുംബിച്ചതാണ് കൂടുതൽ വിവാദമായി മാറിയത്. ഹെർമോസോ റുബിയാലെസിനെതിരെ പരാതി നൽകിയതോടു കൂടി ഫിഫ, പ്രസിഡന്‍റിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരിക്കുകയാണ്.

 

Neeraj-02

ഏഞ്ചലോയുടെ ടൈം ഔട്ട്

 

Cricket-03

ക്രിക്കറ്റിലെ തന്നെ അപൂര്‍വ പുറത്താകലായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ശ്രീലങ്ക– ബംഗ്ലദേശ് മത്സരത്തിൽ ലങ്കൻ താരം ഏഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയത്. നിശ്ചിത സമയത്തിനകം ബാറ്റിങ്ങിന് തയാറാകാത്ത മാത്യൂസിനോട് അംപയർ ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ എന്താണ് ടൈംഡ് ഔട്ട് എന്ന് ചര്‍ച്ചയായി. ഒരു ബാറ്റർ പുറത്തായി, രണ്ടു മിനിറ്റിനകം അടുത്ത ബാറ്റർ പന്തു നേരിടാൻ തയാറായില്ലെങ്കില്‍ എതിർ ടീമിന് ടൈംഡ് ഔട്ട് ആവശ്യപ്പെടാം എന്നാണ് ക്രിക്കറ്റ് നിയമം. ഹെല്‍മറ്റിന്‍റെ സ്ട്രാപ് പൊട്ടിപ്പോയതോടെ താരം പുതിയ ഹെൽമറ്റിനായി ആവശ്യപ്പെട്ടപ്പോഴാണ് ബംഗ്ലദേശ് ക്യാപ്റ്റൻ ബുദ്ധിപൂർവം ടൈംഡ് ഔട്ട് നീക്കം നടത്തിയത്. ഇതോടെ ക്രിക്കറ്റ് ലോകം ഭിന്നിച്ചു.

 

ജോക്കോവിച്ചിന്‍റെ സെര്‍ബ് അനുകൂല പ്രസ്താവന

 

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിനിടെ സെര്‍ബിയന്‍ ടെന്നിസ് താരം നോവാക് ജോക്കോവിച്ച് സെര്‍ബ് അനുകൂല പ്രസ്താവന നടത്തിയതും കഴിഞ്ഞ വര്‍ഷമാണ്. സെര്‍ബിയ– കൊസോവോ സംഘര്‍ഷം രൂക്ഷമായിരിക്കെ ജോക്കോവിച്ച് ക്യാമറ ലെന്‍സില്‍ കൊസോവൊ സെര്‍ബിയയുടെ ഹൃദയമാണെന്ന് എഴുതിയതാണ് വിവാദമായത്. പിന്നാലെ പ്രതിഷേധവുമായി കൊസോവൊ ഒളിംപിക് കമ്മിറ്റിയെത്തി. എങ്കിലും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. 2008 ല്‍ സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതാണ് കൊസോവൊ എങ്കിലും സെര്‍ബിയ ഇത് അംഗീകരിച്ചിട്ടില്ല.

 

അളക്കാത്ത ജാവലിന്‍ ത്രോ

 

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ മത്സരത്തിനിടെയുണ്ടായിരുന്ന വിവാദവും ലോക ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ ആദ്യ ത്രോ അധികൃതര്‍ അളക്കാത്തതായിരുന്നു വിവാദത്തിന് കാരണം. ഇതോടെ നീരജ് ചോപ്രയ്ക്ക് വീണ്ടും ത്രോ എടുക്കേണ്ടി വന്നു. അതിന് തൊട്ടുമുന്‍പത്തെ ദിവസം വനിതാകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ അന്നു റാണിയുടെ ത്രോയ്ക്കിടയിലും സമാന സംഭവം നടന്നിരുന്നു. ഇത് ആവര്‍ത്തിച്ചതോടെയാണ് വലിയ ചര്‍ച്ചകള്‍ ആരംഭിച്ചത്. സെര്‍വറിലെ പ്രശ്‌നം കാരണം മെഷീനില്‍ ദൂരം തെളിഞ്ഞില്ലെന്നായിരുന്നു വിശദീകരണം.

 

ലോകകപ്പ് വിവാദങ്ങള്‍

 

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ പിച്ച് വിവാദമായിരുന്നു കായിക ലോകത്തെ പോയ വര്‍ഷം ചൂടുപിടിച്ച സംഭവങ്ങളിലൊന്ന്. സെമിഫൈനൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വാംഖഡെ സ്റ്റേഡിയത്തിലെ പിച്ച് മാറ്റിയതാണ് സംഭവം. മത്സരം ഇന്ത്യക്ക് അനുകൂലമാക്കാന്‍ ബിസിസിഐ അവസാന നിമിഷം പിച്ചില്‍ മാറ്റം വരുത്തിയെന്നായിരുന്നു ആരോപണം. പിച്ച് വിവാദത്തെ കൂടാതെ; കോലി സെഞ്ചുറി അടിക്കാന്‍ നേരം നസും അഹമ്മദ് എറിഞ്ഞ പന്തിന് അംപയർ വൈഡ് അനുവദിക്കാത്തതും ലോകകപ്പിനു മുകളിൽ കാൽ കയറ്റിവച്ച മിച്ചൽ മാർഷുമെല്ലാം ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിച്ച വിവാദങ്ങളാണ്.

 

Top sports controversies of past year, 2023