siraj-bumrah-04

ഒരേ സ്കോറില്‍ ആറുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ നാണക്കേടിന് മണിക്കൂറുകള്‍ മാത്രമേ ആയുസുണ്ടായുള്ളു. ആറുവിക്കറ്റ് കൊയ്ത് ബുംറ മറുപടി നല്‍കിയപ്പോള്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അഭിമാനജയം. ഒന്നാമിന്നിങ്സില്‍ മുഹമ്മദ് സിറാജ് നേടിയ ആറുവിക്കറ്റുകള്‍ കൂടിയാകുമ്പോള്‍ ആറ് എന്ന സംഖ്യ ഇന്ത്യന്‍ ടീമിന് മറക്കാനാകാത്ത അക്കമായി. 13.5 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് ബുംറ ആറുവിക്കറ്റ് വീഴ്ത്തിയത്. ഒന്നാമിന്നിങ്സിലെ രണ്ടുവിക്കറ്റ് കൂടിയാകുമ്പോള്‍ മല്‍സരത്തിലാകെ എട്ടുവിക്കറ്റ്.

jasprit-bumrah-six-wkt-04

 

siraj-new-sa-04

ഒന്നാമിന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ ചുരുട്ടിക്കെട്ടാനായതാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മുഹമ്മദ് സിറാജിന് അവകാശപ്പെട്ടതാണ്. 9 ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ആറ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ തിരിച്ചയച്ചത്. രണ്ടാംതവണ ബോള്‍ ചെയ്യാനെത്തിയപ്പോള്‍ 9 ഓവറില്‍ 31 റണ്‍സിന് ഒരുവിക്കറ്റ്. രണ്ട് ഇന്നിങ്സിലുമായി ആകെ ഏഴുവിക്കറ്റ്! ഒന്നാമിന്നിങ്സില്‍ എയ്ഡന്‍ മാര്‍ക്രത്തെ 5 റണ്‍സിന് പിടികൂടി തുടങ്ങിയ സിറാജ്, ടോണി ഡെ സോർസി, ഡേവി‍ഡ് ബെഡിങാം, കെയ്ൽ വെറൈൻ, മാർക്കോ ജാൻസൻ, എല്‍ഗാര്‍ എന്നിവരെയും മടക്കി. ജാന്‍സനെ കോലിയുടെ ഉപദേശ പ്രകാരം ഔട്ട്സ്വിങറില്‍ കുടുക്കിയതും ആരാധകരുടെ മനംകവര്‍ന്നു.

Ngidi-04

 

ബുംറയുടെ ഒന്‍പതാം അഞ്ചാം വിക്കറ്റ് നേട്ടമാണ് കേപ്ടൗണിലേത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാമത്തേതും. രണ്ട് തവണ വീതം ഇംഗ്ലണ്ടിനും വിന്‍ഡീസിനുമെതിരെയും ഒരു തവണ ഓസ്ട്രേലിയയ്ക്കെതിരെയും ബുംറ അഞ്ച് വിക്കറ്റ് നേടി. 32 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി ഇതുവരെ 139 വിക്കറ്റുകള്‍. മികച്ച പ്രകടനം 27 റണ്‍സിന് ആറുവിക്കറ്റ്.

 

ടെസ്റ്റില്‍ 1932 ന് ശേഷം ഏറ്റവും ചെറിയ സ്കോര്‍, ഇന്ത്യയ്ക്കെതിരെ ഏറ്റവും മോശം സ്കോര്‍ എന്നീ നാണക്കേടുകള്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സില്‍ ചുമന്നപ്പോള്‍ 11 പന്തുകളില്‍ ആറുപേര്‍ പൂജ്യത്തിന് മടങ്ങിയതിന്റെ മാനക്കേട് ഇന്ത്യയ്ക്കുമുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് ഒരേ ടീം സ്കോറില്‍ ആറുപേര്‍ പുറത്താകുന്നത്. ഇന്ത്യന്‍ സ്കോര്‍ 153 ല്‍ നില്‍ക്കെ കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, ബുംമ്ര, വിരാട് കോലി, സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പുറത്തായി. ഇതില്‍ കോലിയും രാഹുലും ഒഴികെയുള്ളവര്‍ ഡക്കായിരുന്നു. ഒന്നാമിന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ എണ്ണവും ആറ്!

 

 

Jasprit Bumrah and Muhammed Siraj six wicket haul