ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമില്‍ ഇടമില്ലെങ്കിലും ഈയിടെയായി ഇഷന്‍ കിഷനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല‍. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെയും ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെയും നിര്‍ദ്ദേശത്തിന് ശേഷവും 'ഉഴപ്പ്' തുടരുകയാണ് ഇഷന്‍. ജാര്‍ഖണ്ഡിന് വേണ്ടി രഞ്ജി കളിക്കാതെ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ഇഷന്‍റെ സമീപനത്തിനെതിരെ കടുത്ത വിമര്‍ശനവുമുയരുന്നുണ്ട്. അങ്ങനെ ചുമ്മാ ഇഷന്‍ ഉഴപ്പുകയല്ലെന്നും താരത്തിന് ചില 'പ്ലാന്‍ ബി'കളുണ്ടെന്നും ഇഷനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് ഇടവേള എടുത്ത ശേഷം അഫ്ഗാനിസ്ഥാനെതിരായ ടി20യിലും ഇംഗ്ലണ്ടിനെതിരായ സീരിസിലും ഇഷന് അവസരമുണ്ടായിരുന്നില്ല. 'ലോകകപ്പ് പരാജയത്തിന് പിന്നാലെ ഇഷാന്‍ തകര്‍ന്നു. പെട്ടന്നൊരു ബ്രേക്ക് ഇഷാന് ആവശ്യമായിരുന്നു. എന്നാല്‍ കളി തുടരാനാണ് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. മാനസികമായ തളര്‍ച്ചയാണ് ഇടവേള എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്' എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇഷാന്‍ എക്കാലവും രഞ്ജി ട്രോഫിക്ക് പ്രധാന്യം നല്‍കുന്നുണ്ടെന്നും താരവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.

2022–23 സീസണില്‍ ഇഷന്‍ നിരന്തരം ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നു. ഈ തിരക്കിനിടയിലും രഞ്ജി മല്‍സരങ്ങള്‍ക്കും അദ്ദേഹം പ്രധാന്യം നല്‍കി. കേരളത്തിനെതിരെ നേടിയ സെഞ്ചറിയാണ് ഇഷനെ ടെസ്റ്റ് ടീമിലെത്തിച്ചത്. അതിനാല്‍ തന്നെ ഇഷാനെതിരെയുള്ള കുറ്റപ്പെടുത്തലുകള്‍ അസംബന്ധമാണെന്നും അദ്ദേഹത്തോട് അടുപ്പുള്ളവര്‍ പറയുന്നു.

ഇഷന്‍റെ മനസിലിരുപ്പെന്ത്?

ആഭ്യന്തര മല്‍സരം കളിക്കണമെന്നുള്ള ബിസിസിഐ നിര്‍ദ്ദേശം ഇഷാന്‍ കിഷനെ ഉദ്ദേശിച്ചല്ലെന്നും താരത്തെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നു. ഇഷാന്‍ കിഷന്‍റെ പ്ലാന്‍ ബി ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റാണ്. ഈ ടൂര്‍ണമെന്‍റിലൂടെ വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പാണ് അദ്ദേഹം ഉന്നം വെയ്ക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ടീമിനായാണ് അദ്ദേഹം കളിക്കുക. ഇതിനായി ഇഷന്‍ ബിസിസിഐയില്‍ നിന്നും എന്‍ഒസി തേടുമെന്നുമാണ് റിപ്പോര്‍ട്ട്.

വിവാദങ്ങള്‍ പടിക്ക് പുറത്ത്

പുറത്ത് വിവാദങ്ങളുണ്ടെങ്കിലും ക്രിക്കറ്റും കുടുംബവും മാത്രമാണ് ഇഷന്‍റെ മനസില്‍. കഴിഞ്ഞ 6 മാസമായി വഡോദരയിലെ റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്‍ഡ്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കൊപ്പം പരിശീലിക്കുന്ന ഇഷന് കുടുംബത്തിന്റെ ഉറച്ച പിന്തുണയാണ് കരുത്തേകുന്നത്. വഡോദരയില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.

Ishan Kishan looking for a comeback in T20 world cup