ഐപിഎല്‍ 2024 സീസണിന്റെ ആദ്യ പകുതി വരെ ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് സഹഉടമ പാര്‍ഥ് ജിന്‍ഡാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഋഷഭ് പന്ത് തന്നെയായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനെന്നും പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു.
പന്ത് ബാറ്റ് ചെയ്യുകയും വിക്കറ്റ് കീപ്പിങ് പരിശീലനം ആരംഭിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ സമയമാവുമ്പോഴേക്കും ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കും. ആദ്യ മല്‍സരം മുതല്‍ പന്ത് കളിക്കുമെന്നും ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നത്. ആദ്യ ഏഴ് മല്‍സരങ്ങളില്‍ ബാറ്ററായി മാത്രമാവും പന്തിനെ ഇറക്കുക. പന്തിന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കിയാവും തുടര്‍ന്നുള്ള തീരുമാനങ്ങള്‍, പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു.
2022 ഡിസംബറിലുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്നാണ് പന്തിന് ഗ്രൗണ്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്. അടുത്തിടെ ബാറ്റിങ് പരിശീലനത്തിന്റേയും വിക്കറ്റ് കീപ്പിങ് പരിശീലനത്തിന്റേയും വിഡിയോ പന്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പന്തിന്റെ തിരിച്ചുവരവ് ഡല്‍ഹി ക്യാപിറ്റല്‍സിന് ശക്തി പകരും. 2023ലെ ഐപിഎല്‍ സീസണില്‍ 9ാം സ്ഥാനത്താണ് ഡല്‍ഹി ഫിനിഷ് ചെയ്തത്. 14 കളിയില്‍ ജയിച്ചത് അഞ്ചെണ്ണത്തില്‍ മാത്രം. ഡേവിഡ് വാര്‍ണറായിരുന്നു ഡല്‍ഹിയുടെ ക്യാപ്റ്റന്‍.
അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ നോര്‍ജെ ഫിറ്റ്നസ് വീണ്ടെടുത്തതായും ഐപിഎല്ലിലേക്ക് മടങ്ങിയെത്തുമെന്നും പാര്‍ഥ് ജിന്‍ഡാല്‍ അറിയിച്ചു. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനെ ആറാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറക്കി ഫിനിഷറുടെ റോളിലാവും ക്യാപിറ്റല്‍സ് ഉപയോഗിക്കുക. സ്റ്റ്ബ്സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫോമിലാണ് എന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പറഞ്ഞു.
Rishabh Pant won't wicket keeping, says delhi capital's co owner