മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ  ഇടംപിടിച്ചിരിക്കുകയാണ് വയനാട് പാപ്ലശേരി ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്.  ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും കായികരംഗത്ത് പരിശീലനം ലഭിക്കും വിധമാണ്  ക്ലബിന്റെ  പ്രവർത്തനങ്ങൾ. സാന്റ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെയാണ്  കേരളത്തിലെ മികച്ച ക്ലബ്ബുകൾക്ക് മലയാള മനോരമ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. 

 

ചുരം കയറിയെത്തിയ ബ്രിട്ടീഷുകാർ ഒരുക്കിയ മൈതാനങ്ങളിൽ നിന്ന് തുടങ്ങുന്നു വയനാടിന്റെ ഫുട്ബോൾ പാരമ്പര്യം. കുടിയേറ്റ കാർഷിക ഗ്രാമമായ പാപ്ലശ്ശേരി അഴീക്കോടൻ നഗറിൽ 1994 ൽ ഒരുപറ്റം ചെറുപ്പക്കാർ ചേർന്നു ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപീകരിച്ചതോടെ പന്തുകളി ഒരു നാടിന്റെയാകെ വികസനത്തിലേക്കുള്ള വഴിയായി. പ്രദേശവാസികൾ സൗജന്യമായി നൽകിയ സ്ഥലം ക്ലബിന് അടിത്തറയൊരുക്കി. കുടുംബശ്രീ പ്രവർത്തകർ, കൂലിപ്പണിക്കാർ, കർഷകതൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിങ്ങനെ ഒട്ടേറെപ്പേർ ഒന്നിച്ചും തവണകളായും തന്ന തുക ഉപയോഗിച്ച് അക്കാദമിയുടെ നിർമാണം തുടങ്ങി. 

 

ഫുട്ബോൾ ഗ്രൗണ്ട്, വോളിബോൾ-ബാഡ്മിന്റൻ കോർട്ടുകൾ, ക്രിക്കറ്റ് പിച്ച്, ബോളിങ് നെറ്റ്സ്, നീന്തൽക്കുളം, ഹെൽത്ത് ക്ലബ്, ഓഫിസ് മുറി എന്നിവയുടെ നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഗോത്രവിഭാഗത്തിലെ കുട്ടികൾക്കു പരിശീലനം നൽകി മികച്ച പ്രതിഭകളെ കണ്ടെത്തുന്നു. സംസ്ഥാന പോളി കായികമേളയിലെയും ജില്ലാ പോലീസ് മേളയിലെയും മികച്ച താരങ്ങൾ ക്ലബ്ബിലൂടെ വളർന്നവരാണ്. അടുത്ത വർഷം സ്കൂൾ, കോളജ് കായികമേളകളിൽ സംസ്ഥാന-ദേശീയതലങ്ങളിലേക്ക് ക്ലബിൽനിന്നുള്ള കായികതാരങ്ങളെ എത്തിക്കണമെന്നതാണ് അക്കാദമി ലക്ഷ്യമിടുന്നത്.  120 വിദ്യാർഥികൾ ഇപ്പോൾ അക്കാദമിയിൽ പരിശീലനം നടത്തുന്നു.