mayank-yadav-2

156.7 കിമീ വേഗതയുമായെത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് മായങ്ക് യാദവ് പരുക്ക് ഭീഷണിയില്‍. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മല്‍സരത്തിന് ഇടയില്‍ മായങ്ക് ഫിസിയോയ്ക്ക് ഒപ്പം ഗ്രൗണ്ട് വിട്ടിരുന്നു. ഗുജറാത്തിനെ 33 റണ്‍സിന് തോല്‍പ്പിച്ചെങ്കിലും മായങ്കിന്റെ പരുക്ക് ലഖ്നൗ ആരാധകരെ ആശങ്കയിലാക്കുന്നു. 

ഗുജറാത്ത് ടൈറ്റന്‍സ് ചെയ്സ് ചെയ്യുന്ന സമയം നാലാം ഓവറിലാണ് മായങ്ക് പന്തെറിയാനെത്തിയത്. രണ്ട് വട്ടം മാത്രമാണ് ഇവിടെ 140ന് മുകളില്‍ വേഗത കണ്ടെത്താന്‍ മായങ്കിനായത്. പിന്നാലെ ലഖ്നൗ ഫിസിയോക്ക് ഒപ്പം മായങ്ക് ഗ്രൗണ്ട് വിട്ടു. 13 റണ്‍സ് ആണ് ആ ഓവറില്‍ മായങ്ക് വഴങ്ങിയത്. പിന്നെ ഗ്രൗണ്ടിലേക്ക് തിരികെ വന്നതുമില്ല. 

എന്നാല്‍ മായങ്കിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് സഹതാരം ക്രുനാല്‍ പാണ്ഡ്യ മല്‍സരശേഷം പ്രതികരിച്ചത്. 'മായങ്കിനോട് ഞാന്‍ സംസാരിച്ചിരുന്നു. അവന് പ്രശ്നമില്ല. അവന്റെ കരിയര്‍ എങ്ങനെയാവും എന്നത് ആകാംക്ഷയോടെയാണ് നോക്കുന്നത് എന്നും ക്രുനാല്‍ പാണ്ഡ്യ പറഞ്ഞു. 

ഡല്‍ഹിക്കായി രഞ്ജി ട്രോഫി കളിക്കുന്ന സമയവും മായങ്കിനെ പരുക്ക് അലട്ടിയിരുന്നു. ആ പരുക്കിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും മായങ്കിനെ പിന്നോട്ടടിക്കുന്നത്. കണങ്കാലിലെ പരുക്കും ഹാംസ്ട്രിങ് പ്രശ്നങ്ങളും കരിയറില്‍ പലവട്ടം മായങ്കിന് തിരിച്ചടിയായിട്ടുണ്ട്. 

ഈ സീസണില്‍ പഞ്ചാബിന് എതിരെ കളിച്ചായിരുന്നു മായങ്കിന്റെ ഐപിഎല്‍ അരങ്ങേറ്റം. ആദ്യ മല്‍സരത്തില്‍ തന്നെ ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്ത് മായങ്ക് തന്റെ പേരിലാക്കി. പിന്നാലെ ബാംഗ്ലൂരിന് എതിരെ 156.7 എന്ന വേഗത തൊട്ട് തന്റെ തന്നെ റെക്കോര്‍ഡ് മായങ്ക് മറികടന്നു.

Mayank Yadav Walks Off Field Mid-Match