ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇപ്പോള്‍ ആ ബൗണ്ടറി ലൈനിന് അരികിലാണ്. ഡൽഹി ക്യാപിറ്റൽസ്– രാജസ്ഥാൻ റോയൽസ് മത്സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താകലിനെച്ചൊല്ലിയുള്ള ചര്‍ച്ച കൊഴുക്കുകയാണ്. ഷായ് ഹോപ് ബൗണ്ടറി ലൈനിനോടു ചേർന്ന് ക്യാച്ചെടുക്കുമ്പോള്‍ താരത്തിന്റെ ഷൂസ് ലൈനിൽ തട്ടിയോ എന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. അതിനിടെ ഗാലറിയിലെ ‘അതിരുവിട്ട പ്രകടനത്തിന്റെ’ പേരിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ഒരാളുണ്ട്. ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ പാർഥ് ജിൻഡാലാണ് അത്. ഗ്രൗണ്ടിൽവച്ച് സഞ്ജു അംപയർമാരോടു തർക്കിക്കുമ്പോൾ, ഗാലറിയിൽ താരത്തിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു ജിൻഡാൽ.
സഞ്ജു ഔട്ട് എന്ന് ഗാലറിയിൽവച്ച് ആക്രോശിക്കുന്ന ഡൽഹി ടീം ഉടമയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഡൽഹി ടീം ഉടമയുടെ ദൃശ്യങ്ങൾ വൈറലായതോടെ മത്സര ശേഷം പാർഥ് ജിൻഡാൽ സഞ്ജുവുമായി സംസാരിക്കുന്ന വിഡിയോ ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തുവിട്ടു. ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടിയ രാജസ്ഥാൻ ക്യാപ്റ്റനെ ഡൽഹി ടീം ഉടമ അഭിനന്ദിച്ചതായി ക്യാപിറ്റൽസ് എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
രാജസ്ഥാൻ റോയൽസ് ബാറ്റിങ്ങിനിടെ 16–ാം ഓവറിലായിരുന്നു സഞ്ജുവിന്റെ വിവാദ പുറത്താകൽ. മുകേഷ് കുമാറിന്റെ പന്ത് സഞ്ജു സിക്സർ ലക്ഷ്യമാക്കി അടിച്ചപ്പോൾ, ബൗണ്ടറിക്കു സമീപത്തുനിന്ന് ഡൽഹി ഫീൽഡർ ഷായ് ഹോപ് പിടിച്ചെടുക്കുകയായിരുന്നു. ഈ സമയത്ത് ഷായ് ഹോപിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയതായി ഗ്രൗണ്ട് അംപയർമാർക്കും സഞ്ജുവിനും സംശയമുണ്ടായിരുന്നു. എന്നാൽ സഞ്ജു ഔട്ട് തന്നെയാണെന്നായിരുന്നു തേര്‍ഡ് അംപയറുടെ വിധി.
Sanju Samson - Out or Not Out? Cricbuzz Live reacts on game-changing decision