Untitled design - 1

ഐ.പി.എല്ലിലെ ഇന്നലത്തെ മത്സരത്തിൽ ചെന്നൈ താരം രവീന്ദ്ര ജഡേജയുടെ പുറത്താകലിനെ ചൊല്ലി വിവാദം.  രാജസ്ഥാനും ചെന്നൈയും തമ്മിലുള്ള കളിയിലെ 16-ാം ഓവറാണ് രം​ഗം. ആവേശ് ഖാന്റെ അഞ്ചാം പന്ത് ഓഫ്‌സൈഡിലേക്ക് കളിച്ച ജഡേജയുടെ ശ്രമം ഡബിളോടാനായിരുന്നു. എന്നാൽ റിസ്ക് മനസിലാക്കിയ ഋതുരാജ് ഗെയിക്‌വാദ് ജഡേജയോട് തിരിച്ചോടാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. 

ജഡേജയെ റണ്ണൗട്ടാക്കാനായി രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ സമയം കളയാതെ വിക്കറ്റ് ലക്ഷ്യമാക്കി ഒറ്റയേറ്. എന്നാൽ പിച്ചിന് നടുവിലൂടെ ഓടിയ ജഡേജയുടെ ദേഹത്ത് ബാൾ തട്ടി റണ്ണൗട്ടിനുള്ള ചാൻസ് മിസായി. രാജസ്ഥാൻ അപ്പീൽ നൽകിയതോടെ തേർഡ് അമ്പയറുടെ  പരിശോധന. ജഡേജ ഫീൽഡിങ് തടസപ്പെടുത്തിയാണ് ഓടിയതെന്ന് വ്യക്തമായതോടെ മൂന്നാം അമ്പയർ ഔട്ട് വിധിച്ചു.  ആറ് പന്തിൽ അഞ്ചു റൺസുമായി ജഡേജ കൂടാരം കയറി. അപ്രതീക്ഷിത നീക്കത്തിൽ ഫീൽഡ് അമ്പയറോട് തർക്കിച്ചാണ് അദ്ദേഹം കളംവിട്ടതും. 

എന്തായാലും സഞ്ജു സാംസന്റെ വിക്കറ്റ് ലക്ഷ്യമാക്കിയുള്ള ഏറ് വളരെ കൃത്യമായിരുന്നു. മത്സരത്തിൽ രാജസ്ഥാനെതിരെ ചെന്നൈ അഞ്ച് വിക്കറ്റ് ജയമാണ് നേടിയത്. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം ചെന്നൈ 18.2 ഓവറിൽ മറികടക്കുകയായിരുന്നു. ഗെയിക്‌വാദ് 41 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു.  രചിൻ രവീന്ദ്ര 18 പന്തിൽ 27 റൺസും ഡാരൽ മിച്ചൽ 13 പന്തിൽ 22 റൺസും നേടി ചെന്നൈയുടെ വിജയം എളുപ്പമാക്കി. 

ഐ.പി.എല്ലിൽ ഫീൽഡ് തടസ്സപ്പെടുത്തിയതിന് വിക്കറ്റ് വലിച്ചെറിയേണ്ടി വന്ന മൂന്നാമത്തെ താരമാണ് ജഡേജ. 2013ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം യൂസുഫ് പത്താനും ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയും സമാന രീതിയിൽ ഔട്ടായിട്ടുണ്ട്.  നേരത്തെ ഹൈദരാബാദ്-ചെന്നൈ മത്സരത്തിലും ജഡേജ ഇതുപോലെ പിച്ചിലൂടെ ഓടിയിരുന്നു. അന്ന് ഹൈദരാബാദ് അപ്പീൽ പിൻവലിച്ചതിനാലാണ് ജഡേജ ഔട്ടാവാതെ രക്ഷപ്പെട്ടത്. 

IPL 2024: Ravindra Jadeja dismissed for obstructing field again