.കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന് ടെന്നിസ് ലോകത്തിന്റെ പ്രണാമം. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ആദ്യറൗണ്ടില്‍ നദാല്‍ നാലാം സീഡ് അലക്സാണ്ടര്‍ സ്വരേവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു. 2022ലെ കിരീട നേട്ടത്തിനുശേഷം പാരിസിലെത്തിയ റഫേല്‍ നദാല്‍ ഫ്രെഞ്ച് ഓപ്പണില്‍ നേരിട്ട നാലാം തോല്‍വി മാത്രമാണിത്. കളിമണ്‍കോര്‍ട്ടില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്താണ് രാജകുമാരന്റെ മടക്കം....
പാരിസിലെ കളിമണ്‍ കോര്‍ട്ടില്‍ ടെന്നിസിന്റെ കരുത്ത് എന്തെന്ന് ലോകത്തെ അറിയിച്ച നദാല്‍, പരുക്കുമൂലമുള്ള ഇടവേള കഴിഞ്ഞെത്തിയത്, തന്റെ ഇഷ്ട പ്രതലത്തില്‍ കിരീടമുയര്‍ത്തി വിടവാങ്ങാനായിരുന്നു. എന്നാല്‍ ജര്‍മനിയുടെ നാലാം സീഡ് അലക്സാണ്ടര്‍ സ്വരേവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റപ്പോള്‍ ആ മനസും ശരീരവും എത്രമാത്രം തളര്‍ന്നുവെന്ന് വ്യക്തം. 3–6,6–7,3–6 എന്ന സ്കോറിനാണ് ഇതിഹാസം ഫ്രഞ്ച് ഓപ്പണിലെ ഓട്ടം പൂര്‍ത്തിയാക്കിയത്.
19ാം വയസില്‍ ആദ്യ കിരീടമുയര്‍ത്തിയശേഷം റഫേല്‍ നദാല്‍ 14 തവണ ഫ്രെഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. ഫ്രെഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തോല്‍ക്കുന്നതും ഇതാദ്യമാണ്. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ചരിത്രത്തിൽ നദാൽ ഇതിന് മുമ്പ് നേരിട്ട 3 തോൽവികളിൽ രണ്ടും സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെതിരെയായിരുന്നു. ഒരു ഗ്രാൻസ്‍ലാം ടൂർണമെന്റിൽ കൂടുതൽ സിംഗിൾസ് കിരീടങ്ങൾ, ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായി 5 കിരീടം, തുടങ്ങിയ റെക്കോര്‍ഡുകള്‍ പാരിസില്‍ തീര്‍ത്തു. 2022ല്‍ 36ാം വയസിലായിരുന്നു സാന കിരീടനേട്ടം. കളിമണ്‍ കോര്‍ട്ടില്‍ നിന്ന് അഭിമാനത്തോടെ മടക്കം.