shemi-sania

Image Credit: Facebook

മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുളള തന്‍റെ വിവാഹവാര്‍ത്തകള്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത്. സാനിയ മിര്‍സയും മുഹമ്മദ് ഷമിയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഹമ്മദ് ഷമി തന്നെ രംഗത്തെത്തിയത്. ഇരുവരുടെയും വിവാഹം ഉടനുണ്ടാകും, വിവാഹം കഴിഞ്ഞു,  വിവാഹം ഉറപ്പിച്ചു എന്ന തരത്തിലുളള വ്യാജ വാര്‍ത്തകളും പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മുഹമ്മദ് ഷമി ഈ വ്യാ‍ജവാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ചത്.

സമൂഹമാധ്യമങ്ങളില്‍ ഇത്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ആളുകള്‍ വിട്ടുനില്‍ക്കണമെന്ന് മുഹമ്മദ് ഷമി ആവശ്യപ്പെട്ടു. 'ഫോണ്‍ തുറന്നാല്‍ ഇത്തരം വാര്‍ത്തകളും പോസ്റ്റുകളുമാണ് കാണുന്നത്. തമാശയ്ക്ക് ചെയ്യുന്നതാണെങ്കില്‍ പോലും അവ ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കില്‍ പങ്കിടും മുമ്പ് അതിനെ കുറിച്ച് ഒന്നുകൂടി ചിന്തിക്കണം' എന്നായിരുന്നു ഷമിയുടെ പ്രതികരണം. ധൈര്യമുണ്ടെങ്കില്‍ വെരിഫൈഡ് പേജുകളില്‍ നിന്നും ചോദ്യങ്ങള്‍ ചോദിക്കൂ താന്‍ മറുപടി പറയാം എന്നും ഷമി കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് ഷമിയും സാനിയ മിര്‍സയും വിവാഹിതരായി എന്ന തരത്തിലുളള വ്യാജ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാനിയയും ഷമിയും വിവാഹവസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രചരിച്ചത്. എന്നാല്‍ ആ ചിത്രം 2010 ല്‍ സാനിയ മിര്‍സയും മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുളള വിവാഹത്തിന്‍റേതായിരുന്നു. ഷുഐബ് മാലിക്കിന്‍റെ തലയുടെ സ്ഥാനത്ത് മുഹമ്മദ് ഷമിയുടെ തല എഡിറ്റ് ചെയ്തുണ്ടാക്കിയ വ്യാജ ചിത്രമാണ് ഇപ്രകാരം പ്രചരിച്ചത്. ഈ ചിത്രം സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

സാനിയ മിര്‍സ ഷുഐബ് മാലിക്കുമായി വിവാഹമോചനം തേടിയതിന് പിന്നാലെ ഷുഐബ് മാലിക് പാക് സിനിമാതാരം സന ജാവേദിനെ വിവാഹം കഴിച്ചു. വിവാഹ വാര്‍ത്ത ഷുഹൈബ് മാലിക് തന്‍റെ ഇന്‍സ്റ്റഗ്രാം വഴിയാണ് ആരാധകരുമായി പങ്കുവെച്ചത്. അതേസമയം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനുമായുളള പ്രശ്നങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാനിയ മിര്‍സയും ഷമിയും തമ്മില്‍ പ്രണയത്തിലാണെന്നും , വിവാഹിതരാകാന്‍ പോകുന്നു,  വിവാഹം കഴിഞ്ഞെന്നുമൊക്കെയുളള വാര്‍ത്തകളും സൈബറിടത്ത് ചര്‍ച്ചയായത്. ഇതോടെ  വിവാഹ വാര്‍ത്ത നിഷേധിച്ച് സാനിയയുടെ പിതാവ് ഇംറാന്‍ മിര്‍സയും രംഗത്തുവന്നിരുന്നു. 

ENGLISH SUMMARY:

Mohammed Shami Breaks Silence On Rumours Of Marriage With Sania Mirza