sreejesh

TOPICS COVERED

പാരിസ് ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന പ്രഖ്യാപനവുമായി മലയാളിയായ ഇന്ത്യന്‍ ഹോക്കി ഇതിഹാസം പി.ആര്‍.ശ്രീജേഷ്. സമൂഹമാധ്യമത്തിലൂടെയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗോള്‍ കീപ്പറായ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2006ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ശ്രീജേഷ് 328 മല്‍സരങ്ങളില്‍ രാജ്യത്തിനായി കളത്തിലിറങ്ങി. 

 

വീട്ടിലെ പശുവിനെ വിറ്റ് ഹോക്കി കിറ്റ് വാങ്ങി തന്ന പിതാവിനടക്കം നന്ദി അറിയിച്ചുകൊണ്ടാണ് ഹൃദയസ്പര്‍ശിയായ സമൂഹമാധ്യമ പോസ്റ്റിലൂടെ പി.ആര്‍.ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ശ്രീജേഷിന്‍റെ നാലാമത്തെ ഒളിംപിക്സാണ് പാരിസിലേത്. രാജ്യാന്തര ഹോക്കി താരമെന്ന നിലയില്‍ പാരിസിലേത് അവസാന പോരാട്ടമായിരിക്കുമെന്ന് ശ്രീജേഷ് വ്യക്തമാക്കി. ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലെ പഠന കാലം ഓര്‍ത്തെടുത്താണ് ശ്രീജേഷിന്‍റെ വിരമിക്കല്‍ പോസ്റ്റ് തുടങ്ങുന്നത്. ഓസ്ട്രേയിലയിലേക്കുള്ള ആദ്യ വിദേശയാത്രയും 2012 ലെ ലണ്ടന്‍ ഒളിംപിക്സിലെ കനത്ത തോല്‍വിയും ഓര്‍ത്തെടുത്ത താരം, പാക്കിസ്ഥാനെതിരെയുള്ള ഷൂട്ടൗട്ട് ജയം ചരിത്രമായിരുന്നുവെന്നും എക്സില്‍ കുറിച്ചു. ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഒളിംപികിസ് ടീമിന്‍റെ ക്യാപ്റ്റനായതും മികച്ച ഗോള്‍ കീപ്പര്‍ പുരസ്കാരം സ്വന്തമാക്കിയതുമെല്ലാം വിരമിക്കല്‍ പോസ്റ്റില്‍ ശ്രീജേഷ് ഓര്‍ത്തെടുത്തിട്ടുണ്ട്. ടോക്കിയോ ഒളിംപികിസിലെ വെങ്കലമെഡല്‍ നേട്ടം സ്വപ്നസമാനമായിരുന്നുവെന്നും ശ്രീജേഷ് പറയുന്നു. നിരവധി മല്‍സരങ്ങളില്‍ ഇന്ത്യയുടെ രക്ഷകനായ താരത്തെ 2017ല്‍ പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു.

Hockey star PR Sreejesh announces retirement after Paris olympics: