olympics

TOPICS COVERED

പാരിസ് ഒളിംപിക്സിലെ അതിവേഗക്കാരന്‍ ആരാകുമെന്ന ആകാംഷയിലാണ് കായികലോകം. ഉസൈന്‍ ബോള്‍ട്ട് ഒളിംപിക് ട്രാക്കില്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ മറികടന്നൊരു പ്രകടനം ഉണ്ടാകുമോയെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. അമേരിക്കയുടെ നോഹ ലൈല്‍സും,ജമൈക്കയുടെ ഒബ്ലിക്ക് സെവില്ലെയുമാണ് പാരിസിലെ ട്രാക്കില്‍ മിന്നല്‍പ്പിണര്‍ തീര്‍ക്കുക.

 

സമയത്തിന്‍റെ ട്രാക്കില്‍ നിമിഷ നേരംകൊണ്ട് ചരിത്രം സൃഷ്ടിക്കുന്ന, സെക്കന്‍റുകള്‍ കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കുന്ന പോരാളികളാണ് 100 മീറ്ററിലെ  ജേതാക്കള്‍. 2024 പാരിസ് ഒളിംപിക്സിലെ വേഗരാജാവ് ആരാകുമെന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.  1896ല്‍ ആണ് പുരുഷന്മാരുടെ 100 മീറ്ററിന്  തുടക്കമാകുന്നത്. 8 രാജ്യങ്ങളില്‍ നിന്നായി 15 കായിക താരങ്ങള്‍ പങ്കെടുത്തപ്പോള്‍ വിജയം അമേരിക്കയുടെ തോമസ് ബര്‍ക്ക് നേടിയെടുത്തു. ജെസി ഓവന്‍സും കാള്‍ ലൂയിസും മൗറിസ് ഗ്രീനും തീര്‍ത്ത അതിവേഗക്കാറ്റിന് പിന്നാലെയെത്തിയ ജമൈക്കയുട ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ ചരിത്രം മാറ്റിയെഴുതി.ഒളിംപിക്സ് ചരിത്രത്തില്‍ 100 മീറ്ററില്‍ അടുപ്പിച്ച് 3 തവണ സ്വര്‍ണം നേടി , 9.63 സെക്കന്‍ഡില്‍ സമയത്തെ ഓടിതോല്‍പിച്ചു.  

2024 പാരിസ് ഒളിംപിക്സില്‍ പുരുഷന്മാരുടെ100 മീറ്ററില്‍ സ്വര്‍ണത്തിനായി വലിയ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. യു.എസ്.എയുടെ നോഹ ലൈല്‍സ്,ജമൈക്കയുടെ ഒബ്ലിക്ക് സെവില്ലെ, കിഷെയ്ന്‍ തോംസണ്‍ ,കെനിയയുടെ ഫെര്‍ഡിനന്‍സ് ഒമന്യാല, യുഎസ് എയുടെ ഫ്രെഡ് കേര്‍ലി, ബോട്സ്വാനയുടെ ലെറ്റ്സിലെ ടെബോഗോ എന്നിവരാണ് ട്രാക്ക് കീഴടക്കാന്‍ ഇറങ്ങുന്നത്. വേഗരാജാവ് ആരെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്ക്കേ എല്ലാവരും ഉറ്റുനോക്കുന്നത് 'CITY  OF LITE'  എന്ന പാരിസ് മണ്ണിലേക്ക്.

Sports World is anxious to see who will be the fastest man in the Paris Olympics: