പാരിസില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി ഓളപ്പരപ്പില്‍ ഇറങ്ങാനൊരുങ്ങുകയാണ് ചെന്നൈ സ്വദേശി നേത്ര കുമനന്‍ . ടോക്കിയോ ഒളിംപിക്സിലൂടെ സെയിലിങ്ങില്‍ ഒളിംപിക്സില്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രവും ഇവര്‍ കുറിച്ചിട്ടുണ്ട്. പാരിസില്‍ ലേസര്‍ റേഡിയല്‍ വിഭാഗത്തിലാണ് മല്‍സരിക്കുക. തമിഴ്നാടിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ പ്രതീക്ഷകളുമായാണ് നേത്ര പാരിസില്‍ ഇറങ്ങുന്നത്. നേത്രയുടെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സാണ് ഇത്. സമ്മര്‍ ഗെയിംസിന് നേരിട്ട് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സെയിലറാണ് ഇവര്‍ .
2009–ല്‍തമിഴ്നാട് സെയിലിങ് അസോസിയേഷന്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാംപാണ് നേത്രയുടെ തലവരമാറ്റിയത്. അതുവരെ ടെന്നിസിലും ബാസ്കറ്റ് ബോളിലും സൈക്ലിങ്ങിലുമായി പാറി നടന്ന നേത്ര സെയിലിങ് തിരഞ്ഞെടുത്തത് അങ്ങനെയാണ്. ഭരതനാട്യം നര്‍ത്തകികൂടിയാണ് ഇവര്‍. അച്ചടക്കത്തിന്റേയും കഠിനാധ്വാനത്തിന്റേയും പാഠങ്ങള്‍ പകര്‍ന്ന ഭരതനാട്യം കരിയറില്‍ ഏറെ തുണച്ചെന്ന് നേത്ര പറഞ്ഞിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ കരിയറിലെ ആദ്യ പോഡിയം ഫിനിഷ് ഉണ്ടാകുന്നത് 2014–ല്‍ ഇന്ത്യയില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ രെഗാറ്റയിലാണ്. 2020–ലെ ഹെംപല്‍ ലോകകപ്പില്‍ വെങ്കലം നേടി. 2014,2018 ഏഷ്യന് ഗെയിംസുകളിലും മല്‍സരിച്ചു.
അച്ഛന്‍ കുമനനാണ് നേത്രയുടെ കരിയറിലെ വലിയ ശക്തി. അനലിറ്റിക്കല്‍ സപ്പോര്‍ട്ട്ുമായി അച്ഛന്‍ കൂടെയുണ്ട്. നേത്രയെ റോള്‍ മോഡലായി കണ്ട് സെയിലിങ് തിരഞ്ഞെടുത്തിരിക്കുകയാണ് അനിയന്‍ നവീനും. അടുത്തമാസം ഒന്നിനാണ് നേത്രയുടെ മല്‍സരം ആരംഭിക്കുക.മാഴ്സയില്‍ നേത്ര ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന പോരാട്ടം കാഴ്ച്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് നാട്.