ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സമാപിച്ചു. ഡൗൺ റിവർ മത്സരത്തിന്റെ സൂപ്പർ ഫൈനലോടെയാണ് പത്താം സീസണ് സമാപനമായത്.
ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറ ,കോടഞ്ചേരി ചാലിപ്പുഴ ,തിരുവമ്പാടി ഇരുവഴിഞ്ഞിപുഴ എന്നിവിടങ്ങളിൽ നാലുദിവസമായാണ് ഇത്തവണത്തെ കയാക്കിങ് മത്സരങ്ങൾ നടന്നത്. വിദേശ താരങ്ങൾ അടക്കം തുഴയെറിഞ്ഞ ഇരുവഴിഞ്ഞിയിൽ നടന്ന സൂപ്പർ ഫൈനലോടെയാണ് മത്സരങ്ങൾ അവസാനിച്ചത്. സൂപ്പർ ഫൈനൽ മത്സരത്തിൽ ഏറ്റവും മികച്ച പെർഫോമറിനു നൽകുന്ന റാപിഡ് രാജ പട്ടത്തിനു ന്യൂസിലൻഡ്താരം മനു വിങ്ക് നെഗലും, റാപിഡ് റാണി പട്ടത്തിനു ജർമ്മനി താരം മരീസ കൗ അർഹയായി. ടൂറിസത്തിനു കേരളത്തിൽ അനന്ത സാധ്യതകൾ ഉണ്ടെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റിവൽ നടന്നത്.