ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ പാക്കിസ്ഥാന്‍റെ അര്‍ഷദ് നദീമും ഇന്ത്യയുടെ നീരജ് ചോപ്രയുമായുള്ള സൗഹൃദമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ മനോഹരകാഴ്ചയാകുന്നത്. അര്‍ഷദ് സ്വന്തം മകനെപ്പോലെയാണെന്ന നീരജിന്റെ അമ്മയുടെ വാക്കുകള്‍ എല്ലാ അതിര്‍വരമ്പുകളേയും മായിക്കുന്നതായി. നദീമിന്‍റെ വിഷമഘട്ടത്തിന്‍ നീരജിന്‍റെ ഇടപെടലും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.
ജാവലിന്‍ ഫൈനലിന് പിന്നാലെ വീട്ടില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നീരജ് ചോപ്രയുടെ അമ്മയുടെ മറുപടിയായിരുന്നു ഇത്. സരോജ ദേവിയുടെ വാക്കുകളെ പ്രശംസിച്ച് അനേകരാണ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളെഴുതുന്നത്. കളത്തിലും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നീരജും അര്‍ഷദും. പാരിസ് ഒളിംപിക്സിന് മുന്‍പ് നദീമിന് മികച്ച ഒരു ജാവലിന്‍ സ്വന്തമാക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായെന്നറിഞ്ഞതോടെ പിന്തുണയുമായി നീരജ് രംഗത്തെത്തിയിരുന്നു. ആ പിന്തുണ അര്‍ഷദിന് മികച്ച സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിലേക്ക് വഴി തെളിക്കുകയും ചെയ്തു. ലോകം ഉറ്റുനോക്കിയ മല്‍സരത്തില്‍ തന്നെക്കാള്‍ മികവ് കാട്ടിയ അര്‍ഷദിനെ നീരജ് ആദരവോടെ ആശംസയറിച്ചതും പാരിസിലെ മികവാര്‍ന്ന കാഴ്ചയായിരുന്നു.
ഇരുവരും 10 തവണ നേരിട്ടേറ്റുമുട്ടിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അര്‍ഷദ് നദീം നീരജിനെ മറികടക്കുന്നത്.