saina-nehwal

ബാഡ്മിന്റണോ ക്രിക്കറ്റോ മികച്ചതെന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലുയര്‍ന്ന ചര്‍ച്ചയില്‍ വിശദീകരണവുമായി ബാഡ്മിന്റണ്‍  സൂപ്പര്‍താരം സൈന നെഹ്വാള്‍.  കൊല്‍ക്കത്ത ബാറ്റര്‍ അങ്ക്രിഷ് രഘുവംശിയുടെ കമന്റാണ് താരത്തെ ചൊടിപ്പിച്ചത്. 'മണിക്കൂറില്‍  കിലോമീറ്റര്‍ വേഗതയില്‍ ബുമ്ര ബൗണ്‍സര്‍ എറിഞ്ഞാല്‍ അവരെന്ത് ചെയ്യും? ' എന്നായിരുന്നു അങ്ക്രിഷിന്റെ സമൂഹമാധ്യമ പോസ്റ്റ്. ട്വീറ്റില്‍ വിവാദം കത്തിപ്പടര്‍ന്നതിന് പിന്നാലെ അങ്ക്രിഷ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞു. പക്വതയില്ലാത്ത തമാശയായിപ്പോയെന്നും പോസ്റ്റിലൂടെ മുറിവേല്‍പ്പിച്ചതില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു അങ്ക്രിഷിന്റെ വിശദീകരണം. പക്ഷേ പോഡ്കാസ്റ്റിലൂടെ സൈന വായടപ്പിക്കുന്ന മറുപടി നല്‍കുകയായിരുന്നു. 

'വിരാട് കോലിയും രോഹിതും ആ നിലയിലേക്ക് ഉയര്‍ന്നതെങ്ങനെയാണ്?  അതുപോലെ ആകാന്‍ എല്ലാ ബാറ്റര്‍മാര്‍ക്കും കഴിഞ്ഞോ? കഴിയില്ല. ഒന്നാമനാകാന്‍ കഠിനാധ്വാനവും പ്രതിഭയും ആവശ്യമാണ്.  നിങ്ങള്‍ പറഞ്ഞതെനിക്ക് മനസിലായി, പക്ഷേ ഞാനവിടെ മരിച്ച് വീഴുകയൊന്നുമില്ല. ഞാനെന്തിന് ബുമ്രയെ നേരിടണം 8 വര്‍ഷം ക്രിക്കറ്റ് കളിച്ചാല്‍ ഈ ബുമ്ര ചോദ്യത്തിന് എനിക്ക് മറുപടി നല്‍കാനാകും. പക്ഷേ ബുമ്ര എന്നോടൊപ്പം ബാഡ്മിന്റണ്‍ കളിക്കാന്‍ വന്നാല്‍, എന്റെ സ്മാഷ് താങ്ങാന്‍ ബുമ്രയ്ക്കാവില്ല-സൈന തുറന്നടിച്ചു. 

ഏത് കായിക ഇനമായാലും അതിന്റേതായ കാഠിന്യം അതിനുണ്ടെന്നും അങ്ങേയറ്റം സമര്‍പ്പണവും ശാരീരിക ക്ഷമതയും രണ്ട് കളികള്‍ക്കും ആവശ്യമാണെന്നും സൈന പറഞ്ഞു. മുന്‍നിരയിലേക്കെത്താന്‍ താരങ്ങള്‍ അത്രമാത്രം ആത്മസമര്‍പ്പണത്തോടെ അധ്വാനിക്കേണ്ടതുണ്ടെന്നും അവര്‍ ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ വ്യക്തമാക്കി.  'നിങ്ങള്‍ മരിക്കാന്‍ വേണ്ടി ക്രിക്കറ്റ് കളിക്കുമോ? അതെന്റെ വിഷയമല്ല. മരണത്തെ കുറിച്ചല്ല സംസാരിക്കേണ്ടത്. നിങ്ങള്‍ പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാനല്ല ഗ്രൗണ്ടിലേക്ക് പോകുന്നത്. ഇത് കളിയാണ്. ഇതില്‍ ജയവും തോല്‍വിയും ഉണ്ടാകും. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താനാണ് നിങ്ങള്‍ കളിക്കുന്നത്.. സൈന വ്യക്തമാക്കി. സ്വന്തം രാജ്യത്ത് ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പോരടിക്കേണ്ടവരല്ല നമ്മള്‍. എല്ലാ കായിക ഇനങ്ങള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. കായികതാരങ്ങള്‍ക്ക് പരസ്പര ബഹുമാനം കൂടി ആവശ്യമാണ്. അല്ലെങ്കില്‍ എന്ത് തരം കായിക സംസ്‌കാരമാണ് നിങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും താരം പറഞ്ഞു.

ENGLISH SUMMARY:

'Jasprit Bumrah won't be able to take my smash': Saina Nehwal tears into KKR star for displeasing remark on badminton