ukraine-olympics

TOPICS COVERED

പലനാടുകളില്‍ നിന്ന് പലതരം കഥകളുമായി മല്‍സരിക്കാനെത്തിയവരെയാണ് ഒളിംപിക്സില്‍ കണ്ടത്. ഈ മഹാമേളയിലേക്ക് എത്താന്‍ കഴിയാത്തവര്‍ക്കും ഉണ്ട് കഥകള്‍ പലതും. അതില്‍ ചിലരുടെ ജീവിതകഥ കാണുന്ന ആരുടേയും ഹൃദയം തകര്‍ക്കും. അക്കഥ പറയുന്നവരുടെ നാടാണ്  യുക്രെയ്ന്‍.

 

ഇറൈന ഹ്യുലെന്‍കോവ്...യുക്രെയ്ന്‍റെ കണ്ണുനീര്‍ തുള്ളി. മകന്‍റെ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് ഇറൈന പറയുകയാണ്... അവന്‍ ഉയരങ്ങള്‍ സ്വപ്നം കണ്ടവനായിരുന്നു. ആ എന്‍റെ മകന്‍. സ്റ്റാനിസ്ലാവ് ഹ്യുലെന്‍കോവ് ...അവന് ഒരു ലക്ഷ്യമുണ്ടായിരുന്നു. ഉല്‍സാഹിയായിരുന്നു, പരിശ്രമശാലിയായിരുന്നു എന്‍റെ മകന്‍. നിലപാടും തീരുമാനങ്ങളും ഉറച്ചതായിരുന്നു. ഞാനത് നേടും ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത കൊല്ലം അല്ലെങ്കില്‍ അതിനടുത്ത വര്‍ഷം ഞാന്‍ ഒന്നാമതാവും ഒന്നാമന്‍റെ മെഡല്‍ ഞാന്‍കൊണ്ടുവരും.. ഇറൈന വാചാലയായി. മെഡലുമായി വന്ന് തന്നെ കെട്ടിപ്പിടിക്കാന്‍ സ്റ്റാനി ഇനിയി്ലെന്ന് അവര്‍ക്കറിയാം. പക്ഷെ ഉള്‍ക്കൊളളാനാവുന്നില്ല. ഇറൈന മുഴുവന്‍ യുക്രൈനിന്‍റെയും കണ്ണുനീര്‍ത്തുള്ളിയാണ്.

 2021ല്‍ അതിര്‍ത്തിയിലേക്ക് രാജ്യം കാക്കാന്‍ പോയതാണ് ഇറൈനയുടെ മകന്‍. വളര്‍ന്നുവരുന്ന ജൂഡോ താരമായിരുന്നു സ്റ്റാനി. കരിയറിന്‍റെ ഉയര്‍ച്ചകൂടി ലക്ഷ്യമിട്ടാണ് അവന്‍ പട്ടാളത്തിലേക്ക് വന്നതും. രണ്ട് വര്‍ഷത്തിനപ്പുറം ഒരുനാള്‍ പെട്ടന്നവന്‍ അപ്രത്യക്ഷനായി.. പിന്നെ അറിഞ്ഞു യുദ്ധഭൂമിയിലാണെന്ന്. റഷ്യക്കെതിരെ പടനയിക്കുകയാണെന്ന്. ഇറൈന മനമുരുകി പ്രാര്‍ഥിച്ചു. അവരെപ്പോലെ നൂറുകണക്കിന് അമ്മമാരുടെ പ്രാര്‍ഥനകള്‍ ഒന്നിച്ചു മണ്ണിട്ട് മൂടുമ്പോള്‍ യുക്രൈന്‍ ജീവശ്വാസത്തിനായ് പൊരുതുകയാണ്.

നാളുകള്‍ക്കിപ്പുറം ഒളിംപിക്സ് കാഹളം മുഴങ്ങുമ്പോള്‍, യുദ്ധത്തില്‍ നിന്ന് തിരികെപിടിച്ചതെല്ലാം ചേര്‍ത്ത് വച്ച് യുക്രൈന്‍ മല്‍സരിക്കാനെത്തുകയാണ്. 140 മല്‍സരാര്‍ഥികളും 95 പരിശീലകരും അടങ്ങുന്ന ടീം ഉള്ളിലെ കെടാത്ത കനലും കൊണ്ട് സെന്‍ നദിക്കരയിലെത്തി. പരിശീലനത്തിന് മൈതാനമോ സുരക്ഷിതത്വമോ ഇല്ലാതെ യുദ്ധത്തിന്‍റെ ഇരുട്ടില്‍ നിന്ന് മൂര്‍ച്ചകൂട്ടിയെടുത്ത ആത്മവീര്യം കൈമുതലാക്കി അവര്‍ പൊരുതും. സ്റ്റാനിയെപ്പോലെ അവര്‍ക്ക് നഷ്ടമായ കൂട്ടുകാരുടെ ഓര്‍മച്ചിത്രത്തില്‍ ചാര്‍ത്താന്‍ മെഡലുകളുമായി അവര്‍ തിരികെപോകുന്നത് കാണാന്‍ ലോകമേ നമുക്കും പ്രാര്‍ഥിക്കാം.

ENGLISH SUMMARY:

Ukraine's tearful stories on the Olympic stage