പാരിസ് ഒളിംപിക്സ് 2024ന്‍റെ ഇന്ത്യന്‍ ഹൈലൈറ്റ് മനു ഭാക്കറും നീരജ് ചോപ്രയുമായിരുന്നു. ആരാധകര്‍ അത്രത്തോളം ആകാംക്ഷയോടെയാണ് ഇരുവരുടെ പ്രകടനവും നോക്കികണ്ടത്. ഇന്ത്യയിലേക്ക് താരങ്ങള്‍ തിരിച്ചെത്തിയ വഴിയേ ഇവരെ വിവാഹം കഴിപ്പിക്കാനായിരുന്നു ആരാധകരുടെ തിടുക്കം.

ഇവര്‍ പ്രണയത്തിലാണോ? നീരജ് മനുവിന്‍റെ അമ്മയോട് ചോദിച്ചതെന്താണ്? തുടങ്ങി സൈബറിടം നിറയെ മനുവും നീരജും നിറഞ്ഞുനിന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം പ്രധാന കാരണമായത് നീരജ് ചോപ്ര മനു ഭാക്കറിന്‍റെ അമ്മ സുമേധ ഭാക്കറുമായി സംസാരിച്ചു നില്‍ക്കുന്ന ഒരു വിഡിയോ പുറത്തുവന്നതാണ്. പിന്നാലെയെത്തി മീമുകളും സമൂഹമാധ്യമ പോസ്റ്റുകളും. 

എന്തായാലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് മനു ഭാക്കറിന്‍റെ അച്ഛന്‍ റാം കിഷന്‍ ഭാക്കര്‍. മനു തീരെ ചെറിയ കുട്ടിയാണ്. അവള്‍ക്ക് വിവാഹപ്രായം പോലുമായിട്ടില്ല. അതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്നാണ് ഭാക്കര്‍ പറഞ്ഞത്. തന്‍റെ ഭാര്യയുമായി നീരജ് സംസാരിച്ചു നില്‍ക്കുന്ന വിഡിയോ കണ്ടതാണ്. അതില്‍ പ്രത്യേകിച്ചൊന്നുമില്ല. നീരജിനെ സ്വന്തം മകനെപ്പോലെയാണ് സുമേധയും കാണുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.

 ഈ വിശദീകരണത്തിലും തൃപ്തിവരാതെ  നീരജിന്‍റെ അമ്മാവനനടക്കമുള്ള ബന്ധുക്കളോടും ചില മാധ്യമങ്ങള്‍ പ്രതികരണം തേടിയെത്തി. നീരജ് രാജ്യത്തിനായി ഒരു മെഡല്‍ നേടിയത് എല്ലാവരും അറിഞ്ഞതാണ്. അതുപോലെ തന്നെ അവന്‍റെ വിവാഹവും രാജ്യം അറിഞ്ഞു തന്നെയാകും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

ഹരിയാന സ്വദേശികളാണ് മനു ഭാക്കറും നീരജ് ചോപ്രയും. ഷൂട്ടിങ്ങാണ് മനുവിന്‍റെ തട്ടകം. ഒളിംപിക്സില്‍ ആദ്യമായി അത്ലറ്റിക്സ് ഇനത്തില്‍ മെഡല്‍ നേടി ചരിത്രം കുറിച്ച താരമാണ് നീരജ് ചോപ്ര. പാരിസ് ഒളിംപിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ വെങ്കല മെഡലാണ് മനു സ്വന്തമാക്കിയത്. ജാവലിന്‍ ത്രോയില്‍ വെള്ളി മെഡലാണ് നീരജ് ചോപ്ര ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 

ENGLISH SUMMARY:

Manu Bhaker and Neeraj Chopra is getting married? Rumors spread across social media and here Manu's father opens up about them.