അനുവദനീയമായതിലും അധികം ഭാരമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിസ് ഒളിംപിക്സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് വിനയായത് ജ്യൂസും ലഘുഭക്ഷണവുമെന്ന് റിപ്പോര്‍ട്ട്. ജ്യൂസ് കുടിച്ചതിന് പിന്നാലെ വിനേഷിന്‍റെ ശരീരഭാരം 300 ഗ്രാം വര്‍ധിച്ചിരുന്നു. പിന്നാലെ വെള്ളവും അകത്താക്കി. മല്‍സരത്തിന് മുന്നോടിയായി ശരീരത്തെ ഊര്‍ജസ്വലമാക്കി നിര്‍ത്തുന്നതിനായിരുന്നു വെള്ളം കുടിച്ചത്. ഇതോടെ രണ്ട് കിലോ ഭാരം വര്‍ധിച്ചു. ഫൈനലിനൊരുങ്ങുന്നതിന്‍റെ ഭാഗമായി ലഘുഭക്ഷണവും കഴിച്ചു. ഇതോടെ ശരീര ഭാരം 700 ഗ്രാം കൂടിവര്‍ധിച്ചു.
50 കിലോ വിഭാഗത്തില്‍ മല്‍സരിക്കുന്ന വിനേഷിന് 52.7 കിലോഗ്രാം ഭാരമാണ് സെമിഫൈനലിന് ശേഷമുണ്ടായിരുന്നത്. ഉറക്കമില്ലാതെയും ആറ് മണിക്കൂറോളം ട്രെഡ്മില്ലില്‍ വ്യായാമം ചെയ്ത് ഭാരം കുറയ്ക്കാന്‍ പഠിച്ചപണിയെല്ലാം നോക്കി. ഒരു തരി ഭക്ഷണമോ ഒരു തുള്ളി വെള്ളമോ ഉള്ളിലെത്തുന്നത് ഒഴിവാക്കി. വിനേഷിന്‍റെ ഭാരം കുറയ്ക്കുന്നതിനായി വസ്ത്രത്തിന്‍റെ ചുവടെയുള്ള ഇലാസ്റ്റികും കോച്ച് മുറിച്ചു കളഞ്ഞു. ഭാരം കുറയാതെ വന്നതോടെ മുടി മുറിച്ചു.
സെമിഫൈനലിലെ അവിശ്വസനീയമായ പ്രകടനവും രാത്രിയിലെ ഉറക്കമൊഴിഞ്ഞുള്ള വ്യായാമവും പക്ഷെ വിനേഷിനെ തുണച്ചില്ല. 100 ഗ്രാം ശരീരഭാരം കൂടുതാലണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിനേഷ് അയോഗ്യയാക്കപ്പെട്ടു. ഇതിനെതിരെ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയെ വിനേഷ് സമീപിച്ചെങ്കിലും കോടതിയും വിനേഷിനെ കൈവിടുകയായിരുന്നു.