വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി കേരള ബ്ലാസ്റ്റേഴ്സ്. ക്ലബ് മാനേജ്മെന്‍റ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് തുക കൈമാറിയത്. ഇതിനൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2025 സീസണില്‍ നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം വയനാടിന് സംഭാവന നല്‍കുമെന്നും ക്ലബ് മാനേജ്മെന്‍റ് അറിയിച്ചു. ഇതിനായി ഗോള്‍ ഫോര്‍ വയനാട് എന്ന പേരില്‍ ക്യാമ്പയിനും ക്ലബ് ആരംഭിച്ചു. വയനാടിന് ആവശ്യമായ പിന്തുണ നൽകാനും ഫുട്ബോൾ സമൂഹത്തെ അർത്ഥവത്തായൊരു ലക്ഷ്യത്തിന് ഒന്നിപ്പിക്കാനുമാണെന്നും ക്ലബ് വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ചെയര്‍മാന്‍ നിമ്മഗഡ്ഡ പ്രസാദ്, കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ്ഡ, കെ.ബി.എഫ്.സി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശുശെന്‍ വശിഷ്ത് എന്നിവര്‍ ചേര്‍ന്നാണ് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ഒപ്പം മുഖ്യമന്ത്രിക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ടീം ജഴ്‌സിയും സമ്മാനിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിൻറെ 2024-25 സീസണൽ സെപ്റ്റംബർ 13 ന് ആരംഭിക്കും. തിരുവോണദിനത്തിൽ പഞ്ചാബ് എഫ്സിക്കെതിരെ കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം. വലിയ പ്രതീക്ഷയോടെയാണ് ടീം ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്.