ഐഎസ്എൽ പതിനൊന്നാം സീസണിലേക്കുള്ള സ്ക്വാഡിനെ ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ പരിശീലകൻ മിക്കൽ സ്റ്റാറെ ഉൾപ്പെടെയുള്ളവരെ ആർപ്പുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്.
മഞ്ഞക്കുപ്പായത്തിനൊപ്പം മുണ്ടുമെടുത്ത് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഓരോരുത്തരായി റാമ്പിൽ. കയ്യടികളും ആർപ്പുവിളികളുമായി ആരാധകർ. കൊച്ചി ലുലു മാളിൽ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളെ അവതരിപ്പിച്ചത്.
ഐഎസ്എല്ലിൽ ഏറ്റവും ആരാധകരുള്ള ടീമിന്റെ പരിശീലിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പുതിയ പരിശീലകൻ മിക്കൽ സ്റ്റാറെ. ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഉയരുമെന്നും പരിശീലകന്‍റെ ഉറപ്പ്. തിരുവോണദിനത്തിൽ പഞ്ചാബ് എഫ്സിയെയാണ് സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിന് നേരിടാനുള്ളത്. കപ്പടിച്ച് കലിപ്പടക്കാനുള്ള കരുത്തും, ചങ്കുറപ്പും ഇക്കുറി ടീമിനുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.