അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലേക്ക്. മെസി അടക്കമുള്ള പ്രമുഖതാരങ്ങള്‍ കേരളത്തില്‍ കളിക്കും. ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. ഒന്നര മാസത്തിനകം എ.എഫ്.എ അധികൃതര്‍ കേരളത്തില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.
മല്‍സരം അടുത്ത വര്‍ഷം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാകും മല്‍സരം നടത്തുക. മല്‍സരത്തീയതിയും എ.എഫ്.എ പ്രഖ്യാപിക്കുമെന്ന് മന്ത്രി. ചെലവ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സും, വ്യാപാരി വ്യവസായി സമിതിയും വഹിക്കുമെന്നും മന്ത്രി പറഞ്ഞു. Also Read: സെക്കന്‍റിന് ലക്ഷങ്ങള്‍ വിലയുള്ള മത്സരം; മെസി വന്നാല്‍ കേരളം കത്തും; ലക്ഷ്യം എത്ര കോടി?...
അര്‍ജന്‍റീനന്‍ ദേശീയ ഫുട്ബോള്‍ ടീം കേരളത്തിലെത്തിയാല്‍ എതിരാളി മറ്റൊരു വിദേശ ടീമാകും. റാങ്കിങില്‍ രണ്ട് അറ്റത്ത് കിടക്കുന്ന ഇന്ത്യയും അര്‍ജന്‍റീനനയും പരസ്പരം മത്സരിക്കില്ല. അര്‍ജന്‍റീന ലോക ഒന്നാം നമ്പറും ഇന്ത്യ 125-ാം സ്ഥാനത്തുമാണ്. അർജന്റീനയും നേരിടാനുള്ള ടീമും കേരളത്തിൽ മത്സരിക്കുന്നതിന്റെ ചെലവ് മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണു തീരുമാനം. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങൾ നടക്കുക. അങ്ങനെയെങ്കില്‍ മത്സരം കേരളത്തില്‍ ഇന്നുവരെ നടന്നതില്‍ ഏറ്റവും ചെലവേറിയതും വരുമാനം ലഭിച്ചതുമായ മത്സരമാകും ഇതെന്ന് ഉറപ്പ്.
ലോക ചാംപ്യന്‍മാരായ അര്‍ജന്‍റീനന്‍ ടീമിന്‍റെ ഒരു മത്സരത്തിന്‍റെ ഫീ 4-5 മില്യണ്‍ ഡോളര്‍ (32-40 കോടി രൂപ) ആണ്. ഇതാണ് 2023 ല്‍ അര്‍ജന്‍റീനയുടെ ദക്ഷിണേഷ്യന്‍ പ്ലാനില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടും മത്സരം നടക്കാതിരുന്നതിന് കാരണം. അർജൻന്‍റീന ടീം കേരളത്തില്‍ വന്ന് കളിച്ച് മടങ്ങാൻ മൊത്തം നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.
കാലം മാറിയതിനൊപ്പം വരുമാന സാധ്യതകളും ഉയര്‍ന്നതിനാല്‍ കൊല്‍ക്കത്തയിലുണ്ടാക്കിയതിനേക്കാള്‍ വരുമാനം കേരളത്തിലും പ്രതീക്ഷിക്കാം. മെസി എത്തുമെന്ന് ഉറപ്പിച്ചാല്‍ ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേക്ഷണാവകാശങ്ങള്‍ വലിയ തുകയ്ക്ക് വിറ്റഴിക്കാം. കൊച്ചിയില്‍ ഐഎസ്‍എല്‍ മത്സരങ്ങള്‍ പോലും നിറഞ്ഞ ഗ്യാലറിയില്‍ കളിക്കുമ്പോള്‍ കേരളത്തില്‍ ടിക്കറ്റ് വില്‍പ്പനയെ കുറിച്ചും സംശയമില്ല. മികച്ച സ്പോണ്‍സര്‍ഷര്‍മാരെ കൂടെ കൊണ്ടുവരാനായാല്‍ മെസി കേരളത്തിന് കോടികള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.